ബീസിയില്‍ സഞ്ചരിക്കുന്ന ട്രെയിലറില്‍ നിന്നും മെറ്റല്‍ബോള്‍ട്ട് തെറിച്ചുവീണ് കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ത്തു; യുവതിയും കുടുംബവും രക്ഷപ്പെട്ടു 

By: 600002 On: Sep 13, 2023, 2:41 PM

 

സാന്റയ ഹച്ചിന്‍സണ്‍ എന്ന യുവതിയും ഭര്‍ത്താവും അവരുടെ ഒരു വയസ്സുള്ള മകളും സഞ്ചരിച്ച വാഹനത്തിന് നേരെ ട്രെയിലറില്‍ നിന്നും തെറിച്ച വീണ മെറ്റല്‍ ബോള്‍ട്ട് ഇടിച്ചു. ബീസിയിലെ വില്യംസ് ലേക്കില്‍ നിന്നും പ്രിന്‍സ് ജോര്‍ജിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. ഹൈവേ 97 ലൂടെ പോവുകയായിരുന്ന ഹച്ചിന്‍സന്റെ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് പൊട്ടിച്ച് മെറ്റല്‍ ബോള്‍ട്ട് അകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഭാഗ്യം തുണച്ചതിനാല്‍ കാറിലുണ്ടായിരുന്ന ഹച്ചിന്‍സണിനും ഭര്‍ത്താവിനും മകള്‍ക്കും പരുക്കുകളൊന്നും സംഭവിച്ചില്ല. 

ആദ്യം വലിയ പാറകഷ്ണമാണെന്നാണ് വിചാരിച്ചത്. പിന്നീടാണ് ട്രെയിലറില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ മെറ്റല്‍ ബോള്‍ട്ടാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഹച്ചിന്‍സണ്‍ പറഞ്ഞു. ഒരു ട്രാന്‍സ്‌പോര്‍ട്ട് ട്രക്കും ട്രെയിലറും മറ്റൊരു ദിശയിലേക്ക് ഹച്ചിന്‍സണിനെ മറികടന്ന് പോകുമ്പോള്‍ ഹുഡില്‍ നിന്നും ബോള്‍ട്ട് താഴേക്ക് വീഴുകയായിരുന്നു. ട്രെയിലറില്‍ നിന്നാണ് ബോള്‍ട്ട് വീണതെന്ന് ഉറപ്പാണെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ സഹായകരമാകുമെന്നും ഹച്ചിന്‍സണ്‍ പറഞ്ഞു.