അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വീസയ്ക്ക് പരിധി നിശ്ചയിക്കണമോ? ഭിന്നാഭിപ്രായങ്ങളുമായി പ്രവിശ്യകള്‍ 

By: 600002 On: Sep 13, 2023, 11:41 AM
കാനഡയില്‍ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതോടെ ശ്രദ്ധ മുഴുവന്‍ തിരിയുന്നത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളിലേക്കാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കൂടുതലായി കാനഡയിലെത്തുന്നത് വീടുകളുടെ വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വീസയ്ക്ക് പരിധി നിശ്ചയിക്കണമെന്ന തീരുമാനം മുന്നോട്ട് വെയ്ക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഈ വിഷയത്തില്‍ പ്രവിശ്യകള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശന പരിധി ഫെഡറല്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍, ഹൗസിംഗ് മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസര്‍, പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ ഡൊമിനിക് ലെബ്ലാങ്ക് എന്നിവര്‍ സൂചന നല്‍കിയിട്ടുണ്ട്. 

ബ്രിട്ടീഷ് കൊളംബിയ, ന്യൂബ്രണ്‍സ്‌വിക്ക്, ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ എന്നീ മൂന്ന് പ്രവിശ്യകള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വിസയ്ക്ക് പരിധി നിശ്ചയിക്കുന്നതില്‍ തങ്ങളുമായി കൂടിയാലോചിച്ചിട്ടില്ലെന്ന് പറയുന്നു. 

നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസ് സര്‍ക്കാര്‍ മാത്രമാണ് ഇത് സംബന്ധിച്ച് ഫെഡറല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെങ്കിലും ഫെഡറല്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായി നോര്‍ത്ത്‌വെസ്റ്റ് ടെറിട്ടറീസ് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.