കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ നിരോധിച്ച ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനും മെറ്റയെ ബഹിഷ്‌കരിക്കാനും ക്യുബെക്കിലെ പാര്‍ട്ടി നേതാക്കളോട് ആഹ്വാനം ചെയ്ത് പ്രീമിയര്‍ ഫ്രാന്‍സ്വേ ലെഗോള്‍ട്ട്. ക്യുബെക്ക് സോളിഡയര്‍( QS), ക്യുബെക്ക് ലിബറല്‍ പാര്‍ട്ടി(QLP) നേതാക്കളോടാണ് ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ക്യുബെക്ക് മീഡിയയെ പിന്തുണച്ച് മെറ്റയുടെ പ്ലാറ്റ്‌ഫോമുകള്‍ ബഹിഷ്‌കരിക്കാന്‍ ജൂലൈയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജീന്‍-ടലോണില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടികള്‍ തങ്ങളുടെ തീരുമാനത്തില്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
കൊയ്‌ലിഷന്‍ അവ്‌നീര്‍ ക്യുബെക്ക്(CAQ), പാര്‍ട്ടി ക്യുബെക്കോയിസ്(PQ) എന്നിവ ബഹിഷ്‌കരണം തുടരുകയാണ്. മെറ്റയില്‍ പരസ്യങ്ങള്‍ വാങ്ങാതിരിക്കാനും ഒരുമിച്ച് നില്‍ക്കാനും ആഹ്വാനം ചെയ്യുന്ന ഒരു പ്രമേയം PQ അവതരിപ്പിച്ചിരുന്നു. എന്നാല്‍ QS ഉം PLQ ഉം ഇത് ചര്‍ച്ച ചെയ്യാന്‍ തയാറായില്ല. ഇരുപാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ പരസ്യങ്ങള്‍ക്കായി പണം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 2 വരെ വോട്ടെടുപ്പിന് ഇടയില്‍ മെറ്റയില്‍ പരസ്യങ്ങള്‍ തുടരാനാണ് ഇരു പാര്‍ട്ടികളുടെയും ഉദ്ദേശം.
പ്രവിശ്യയിലെ മാധ്യമങ്ങള്‍ ഫെയ്‌സ്ബുക്ക് കാരണം കഷ്ടപ്പെടുകയാണെന്ന് ലെഗോള്‍ട്ട് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പ്രതിവിധിയായി ഫെയ്‌സ്ബുക്ക് പരസ്യം ബഹിഷ്‌കരിക്കേണ്ടത് പ്രധാനമാണെന്നാണ് താന്‍ കരുതുന്നതെന്ന് ലെഗോള്‍ട്ട് വ്യക്തമാക്കി.