കാല്‍ഗറിയിലെ ഡേകെയറുകളില്‍ സ്ഥിരീകരിച്ച ഇ കോളി കേസുകളുടെ എണ്ണം 264 ആയി ഉയര്‍ന്നു. നിലവില്‍ 25 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. സ്ഥിരീകരിച്ച കേസുകളില്‍ 22 പേര്‍ക്ക് ഹീമോലിറ്റിക് യുറമിക് സിന്‍ഡ്രോം എന്ന ഗുരുതരമായ രോഗബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എഎച്ച്എസ് അറിയിച്ചു.
അതേസമയം, ഡേകെയറുകളിലേക്ക് ഭക്ഷണം നല്‍കിയിരുന്ന ഇ.കോളിയുടെ ഉറവിടമെന്ന് കരുതുന്ന പാചകശാലയില്‍ ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വെളിപ്പെടുത്തി. അടുക്കളയില്‍ നിന്ന് പാറ്റകളെയും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതടക്കമുള്ള കാര്യങ്ങളും കണ്ടെത്തിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വ്യക്തമാക്കി.
ഇ.കോളി ബാധിച്ച കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായതിനെ തുടര്‍ന്നാണ് പാചകശാലയില്‍ പരിശോധന നടത്തിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാര്‍ക്ക് ജോഫ് പറഞ്ഞു. നിരവധി ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
നിലവില്‍ പാചകശാല അടച്ചിട്ടിരിക്കുകയാണ്. പരിശോധനകള്‍ പൂര്‍ണമായി, സുരക്ഷിതമാണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമേ വീണ്ടും തുറക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.