വീണ്ടും നിപ: സംസ്ഥാനത്ത് ആരോഗ്യ വകുപ്പിൻ്റെ ജാഗ്രത നിർദ്ദേശം

By: 600021 On: Sep 12, 2023, 9:07 PM

കോഴിക്കോട് പനി ബാധിച്ഛ് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് . നാല് പോസിറ്റിവ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതു ജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിലെ സാഹചര്യം ശാന്തതയോടു കൂടി നേരിടണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ പാലിക്കണമെന്നും സ്വയം ചികിത്സക്കായി പോകരുതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 

രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാൻ ശ്രദ്ധിക്കുക, പക്ഷി മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കാതിരിക്കുക, തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കുക, കിണർ തുടങ്ങിയ ജല സ്രോതസുകൾ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക, വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്ജ്യ വസ്തുക്കൾ എന്നിവയുടെ സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക, രോഗബാധിതരെ സുരക്ഷിത മാർഗ്ഗങ്ങൾ അവലംബിക്കാതെ സന്ദർശിക്കാതിരിക്കുക, രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാമഗ്രികളും അലക്ഷ്യമായി കൈകാര്യം ചെയ്യാതിരിക്കുക, രോഗികളെ പരിചരിക്കുന്നവർ മാസ്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കുക, കൈകൾ ഇടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റിനടുത്ത് നന്നായി കഴുകുക അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയവയാണ് ആരോഗ്യവകുപ്പ് നിർദേശത്തിൽ പറയുന്നത്.