വെസ്റ്റ് ജെറ്റ് ഫ്‌ളൈറ്റിനുള്ളില്‍ പിയറെ പൊലിവ്‌റെയുടെ പ്രസംഗം: സോഷ്യല്‍മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ 

By: 600002 On: Sep 12, 2023, 2:29 PM

 


വെസ്റ്റ്‌ജെറ്റ് വിമാനത്തിനുള്ളില്‍ യാത്രക്കാരെ അഭിസംബോധന ചെയ്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറെ പോലിവ്‌റെ. ക്യുബെക്ക് സിറ്റിയില്‍ നടന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ദേശീയ മീറ്റിംഗ് കഴിഞ്ഞ് കാല്‍ഗറിയിലേക്ക് മടങ്ങവെയാണ് പൊലിവ്‌റെ യാത്രക്കാരുമായി സംവദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. പൊലിവ്‌റെയുടെ പ്രസംഗത്തിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വന്നു. 

സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചത്. വെസ്റ്റ് ജെറ്റ് ഫ്‌ളൈറ്റില്‍ തന്റെ ജന്മനാടായ കാല്‍ഗറിയിലേക്ക് മടങ്ങാന്‍ യാത്രക്കാരൊടൊപ്പം ചേരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 45 സെക്കന്‍ഡായിരുന്നു പ്രസംഗം. പ്രസംഗത്തിനെതിരെ നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഒരു പാര്‍ട്ടി നേതാവ് രാഷ്ട്രീയക്കാരല്ലാത്ത സാധാരണ യാത്രക്കാര്‍ യാത്ര ചെയ്യുന്ന പൊതുവിമാനത്തില്‍ പ്രസംഗിക്കുന്നത് ഉചിതമാണോ എന്ന് ചിലര്‍ ചോദിക്കുന്നു. 

അതേസമയം, പൊതുവിമാനമായിരുന്നുവെങ്കിലും ക്യുബെക്ക് സിറ്റിയില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മടങ്ങുന്ന പ്രതിനിധികളാണ് വിമാനത്തിനുള്ളില്‍ അധികവും. അതിനാലാണ് പൊലിവ്‌റെ അഭിസംബോധന ചെയ്തതെന്നാണ് വെസ്റ്റ് ജെറ്റ് വക്താവിന്റെ വിശദീകരണം.