അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ നടപടികള്‍ അവതരിപ്പിച്ച് ആല്‍ബെര്‍ട്ട 

By: 600002 On: Sep 12, 2023, 11:45 AM

 

 

പ്രവിശ്യയിലുടനീളമുള്ള അക്രമ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പുതിയ നടപടികള്‍ അവതരിപ്പിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. പുതിയ നടപടികളുടെ ഭാഗമായി ആല്‍ബെര്‍ട്ട ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസില്‍(ACPS)  പുതിയ ടീമുകളെ സര്‍ക്കാര്‍ നിയമിക്കുമെന്നും കര്‍ശനമായ ജാമ്യ പ്രോട്ടോക്കോളുകള്‍ പരിശോധിക്കുമെന്നും പബ്ലിക് സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് മിനിസ്റ്റര്‍ മൈക്ക് എല്ലിസ് പറഞ്ഞു. ജനങ്ങള്‍ അവരുടെ കമ്മ്യൂണിറ്റികളില്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ ആല്‍ബെര്‍ട്ട സീറോ ടോളറന്‍സ് സമീപനമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 

വയലന്‍സ്, സോഷ്യല്‍ ഡിസോര്‍ഡര്‍, ഓപ്പണ്‍-എയര്‍ ഡ്രഗ് യൂസ് എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മിനിസ്റ്റര്‍ അറിയിച്ചു. തെരുവുകളില്‍ യാതൊരു അക്രമങ്ങളും വെച്ചുപൊറുപ്പിക്കില്ല, ജനങ്ങള്‍ക്ക് തെരുവുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് എല്ലിസ് പറഞ്ഞു. 

എസിപിഎസിനുള്ളിലെ പുതിയ ടീമുകള്‍ കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എഡ്മന്റണിലെയും കാല്‍ഗറിയിലെയും അക്രമാസക്തരായ കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യാനും അനുവദിക്കും.