കാല്‍ഗറിയിലെ ഡേകെയറുകളില്‍ പടര്‍ന്നുപിടിച്ച ഇ കോളി ബാക്ടീരിയ കേസുകളുടെ എണ്ണം 231 ആയി ഉയര്‍ന്നു. 25 കുട്ടികളും ഒരു മുതിര്‍ന്നയാളും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. സ്ഥിരീകരിച്ച കേസുകളില്‍ 21 പേര്‍ക്ക് ഹീമോലിറ്റിക് യുറമിക് സിന്‍ഡ്രോം( HUS) എന്ന ഗുരുതരമായ രോഗബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എഎച്ച്എസ് അറിയിച്ചു.
അതേസമയം, രോഗബാധിതരില്‍ ഭൂരിഭാഗവും 10 ദിവസത്തിനുള്ളില്‍ പ്രത്യേക ചികിത്സ കൂടാതെ സ്വയം മെച്ചപ്പെടുന്നതായി കാണുന്നുണ്ടെന്നും വളരെ ചെറിയ വിഭാഗങ്ങളില്‍ മാത്രമാണ് രോഗബാധ ഗുരുതരമാകുന്നതെന്നും എഎച്ച്എസ് പറഞ്ഞു. അടച്ചുപൂട്ടിയ 11 ഡേ കെയറുകളിലേക്കും ഭക്ഷണം എത്തിച്ചിരുന്ന പാചകശാലയില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കരുതപ്പെടുന്നത്.
ഷിഗ ടോക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇ കോളി 0157 സാധാരണ ഇ.കോളി അണുബാധകളില്‍ നിന്ന് വ്യത്യസ്തമാണ്. കാരണം ഇത് ആരോഗ്യത്തിന് ഗുരുതരഫലങ്ങളുണ്ടാക്കുന്നു. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഷിഗ ടോക്‌സിന്റേത്. ഇവ ഗുരുതരവുമായേക്കാം. ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യമുള്ള ഭക്ഷണം കഴിച്ച് ഒന്ന് മുതല്‍ 10 ദിവസം വരെ രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നു. അണുബാധ ഗുരുതരമാകുകയാണെങ്കില്‍, കടുത്ത പനി, രക്തം കലര്‍ന്ന മലം, അല്ലെങ്കില്‍ മറ്റ് ലക്ഷണങ്ങള്‍ എന്നിവ ഉണ്ടാകാം.