2024 ല്‍ ബീസിയിലെ മാക്‌സിമം വാടക വര്‍ധന 3.5 ശതമാനമായി ഉയര്‍ത്തി  

By: 600002 On: Sep 12, 2023, 7:25 AM

 


2024 ല്‍ ബീസിയിലെ അനുവദനീയമായ മാക്‌സിമം വാടക വര്‍ധന 3.5 ശതമാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പണപ്പെരുപ്പ നിരക്കിനേക്കാള്‍ താഴെയായി പരമാവധി വാടക വര്‍ധന നിശ്ചയിച്ചിരിക്കുന്നത്. വാടകക്കാരുടെയും വസ്തു ഉടമകളുടെയും ആവശ്യങ്ങള്‍ ഒരുപോലെ പരിഗണിച്ചാണ് പുതിയ പരമാവധി വാടക വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ രവി കഹ്ലോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ഭവന നിര്‍മാണത്തില്‍ ചെലവുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ വര്‍ധന ഉയര്‍ന്നതാണെങ്കിലും 12 മാസത്തെ ശരാശരി പണപ്പെരുപ്പ നിരക്കായ 5.6 ശതമാനത്തേക്കാള്‍ വളരെ താഴെയാണെന്നും മിനിസ്റ്റര്‍ പറഞ്ഞു. 2023 ലെ അനുവദനീയമായ പരമാവധി വാടക വര്‍ധന രണ്ട് ശതനമായി നിശ്ചയിച്ചിരുന്നു.