കാനഡയിലെ സിഖ് വംശജരുടെ പ്രതിഷേധങ്ങളെയും സമരങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. ന്യൂഡെല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മോദി ആശങ്ക പ്രകടിപ്പിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇരുനേതാക്കളും തമ്മിലുള്ളകൂടിക്കാഴ്ച നടക്കുന്ന അതേദിവസം, മെട്രോ വാന്‍കുവറില്‍ സിഖ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ ഒത്തുകൂടി സിഖ് സമുദായത്തിന്റെ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ വോട്ടെടുപ്പ് നടത്തുകയായിരുന്നു. ഖലിസ്ഥാന്‍ എന്ന രാജ്യത്തിന് വേണ്ടിയുള്ള നോണ്‍-ബൈന്‍ഡിംഗ് റഫറണ്ടത്തിലാണ് വോട്ട് ചെയ്തത്.
കാനഡയിലെ തീവ്രവാദ ഗ്രൂപ്പുകളുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനെക്കുറിച്ചും ഇവ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനുണ്ടാകുന്ന വീഴ്ചയിലും ശക്തമായ ആശങ്കയാണ് മോദി പ്രകടിപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങള്‍ പങ്കിടല്‍, നിയമവാഴ്ചയോടുള്ള ബഹുമാനം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയില്‍ ഊന്നിയതാണ് ഇന്ത്യ-കാനഡ ബന്ധം. ഈ ശക്തമായ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് കാനഡയിലെ ഇന്ത്യ വിരുദ്ധ സംഘങ്ങള്‍ക്കിടയില്‍ നിന്നും ഉണ്ടാകുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കാനഡയിലെ സിഖ് പ്രസ്ഥാനം ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെയുള്ള വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ ആരോപിക്കുന്നു. ഇവരുടെ പ്രവൃത്തികള്‍ കാനഡയില്‍ താമസിക്കുന്ന മറ്റ് ഇന്ത്യന്‍ വംശജര്‍ക്ക് ഭീഷണിയായിത്തീരും. അതിനാല്‍ ഇതിനെതിരെ ഇന്ത്യയുമായി ചേര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാനഡയോട് ആവശ്യപ്പെടുന്നു.