സൗദി പ്രധാനമന്ത്രിക്ക് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കി പ്രസിഡന്റ് ദ്രൗപതി മുർമു

By: 600021 On: Sep 11, 2023, 6:53 PM

സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കി പ്രസിഡന്റ് ദ്രൗപതി മുർമു .ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യയെന്നും ഇന്ത്യ-സൗദി അറേബ്യ പങ്കാളിത്തത്തിന്റെ സാമ്പത്തിക ഘടകം സമീപ വർഷങ്ങളിൽ വളർന്നതായും രാഷ്ട്രപതി പറഞ്ഞു. വിവിധ മേഖലകളിലായി ഇന്ത്യയിൽ സൗദി നിക്ഷേപം വർധിപ്പിക്കുന്നതിന് ധാരാളം അവസരങ്ങളുണ്ടെന്നും ധാരാളം ഇന്ത്യൻ പ്രവാസികളെ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ടെന്നും അവർക്ക് അഭിവൃദ്ധി പ്രാപിക്കാനും വളരാനും ഇടം നൽകിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. സമാധാനത്തിനും സുസ്ഥിരതയ്ക്കുമുള്ള അനുകൂല ശക്തിയെന്ന നിലയിൽ സൗദി അറേബ്യയുടെ പങ്കിനെ രാഷ്ട്രപതി അഭിനന്ദിച്ചു. കിരീടാവകാശിയുടെ ഈ സന്ദർശനവും ജി20 ഉച്ചകോടിയിലെ പങ്കാളിത്തവും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബഹുമുഖ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.അതേസമയം, നാളെ മുതൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിൽ എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ ഇ-വിധാൻ ആപ്ലിക്കേഷൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഗുജറാത്ത് നിയമസഭാംഗങ്ങളെ ഗാന്ധിനഗറിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആയുഷ്മാൻ ഭവ സംരംഭം ആരംഭിക്കുകയും ചെയ്യും.