ലോകത്തിലെ മികച്ച രാജ്യങ്ങള്‍: പട്ടികയില്‍ രണ്ടാം സ്ഥാനം നേടി കാനഡ 

By: 600002 On: Sep 11, 2023, 11:53 AM

 


ഈ വര്‍ഷത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് കാനഡ. സ്വിറ്റ്‌സര്‍ലന്റിന് തൊട്ടുപിന്നിലായാണ് കാനഡയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായി തെരഞ്ഞെടുക്കപ്പെട്ട കാനഡ 2023 ല്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറ്റം നടത്തി. 36 രാജ്യങ്ങളില്‍ നിന്നുള്ള 17,000 ത്തിലധികം ആളുകളില്‍ നടത്തിയ യു എസ് ന്യൂസ് സര്‍വേയിലാണ് രണ്ടാമത്തെ രാജ്യമായി കാനഡയെ തെരഞ്ഞെടുത്തത്. സംരഭകത്വം, ജീവിതനിലവാരം, സാംസ്‌കാരിക സ്വാധീനം, പൈതൃകം തുടങ്ങി 10 വിഭാഗങ്ങളിലായി നടന്ന പരിശോധനയിലും തെരഞ്ഞെടുപ്പിലുമാണ് മികച്ച രാജ്യങ്ങളെ കണ്ടെത്തിയത്. ഈ 10 വിഭാഗങ്ങളില്‍ നാലിലും മികച്ച അഞ്ച് രാജ്യങ്ങളില്‍ കാനഡ ഉള്‍പ്പെട്ടിട്ടുണ്ടെന്നും യുഎസ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കരിയര്‍ ആരംഭിക്കാന്‍ മികച്ച രണ്ടാമത്തെ രാജ്യം, വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച നാലാമത്തെ രാജ്യം, വിദേശത്ത് പഠിക്കാന്‍ ഏറ്റവും മികച്ച ഏഴാമത്തെ രാജ്യം, കുട്ടികളെ വളര്‍ത്തുന്നതിന് ഏറ്റവും മികച്ച ഏഴാമത്തെ രാജ്യം, വംശീയ സമത്വത്തിന് ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യം, സ്ത്രീകള്‍ക്ക് ഏറ്റവും മികച്ച ആറാമത്തെ രാജ്യം, സുഖപ്രദമായ വിരമിക്കലിന് ആറാമത്തെ രാജ്യം, ഏറ്റവും സുതാര്യമായ ആറാമത്തെ രാജ്യം, കോര്‍പ്പറേഷന്‍ ആസ്ഥാനമാക്കാന്‍ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യം എന്നിങ്ങനെ കാനഡ ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി.