യുഎസില്‍ കൗമാരക്കാരന്റെ മരണവും നിരവധി ആരോഗ്യ പ്രത്യാഘാതങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പാക്വി ബ്രാന്‍ഡായ 'വണ്‍ ചിപ്പ് ചലഞ്ച്' സ്‌നാക്ക്‌സ് ഹെല്‍ത്ത് കാനഡ തിരിച്ചുവിളിച്ചു. സെപ്റ്റംബര്‍ 1 ന് മാസാച്ചുസെറ്റിലെ കൗമാരക്കാരന്‍ മരിച്ചതിന് പിന്നില്‍ വണ്‍ ചിപ്പ് ചലഞ്ച് സ്‌നാക്ക്‌സ് ആണെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. നിരവധി ആളുകള്‍ക്ക് സ്‌നാക്ക്‌സ് കഴിച്ച അസുഖങ്ങള്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വണ്‍ ചിപ്പ് ചലഞ്ച് സ്‌നാക്ക്‌സിനെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ അന്വേഷണം നടത്തുകയാണെന്നും ഇതിന്റെ ഭാഗമായി മറ്റ് ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിച്ചേക്കാമെന്നും ഹെല്‍ത്ത് കാനഡ അറിയിച്ചു.
അതേസമയം, വണ്‍ ചിപ്പ് ചലഞ്ച് സ്‌നാക്ക്‌സ് കാനഡയില്‍ ചെറിയ അളവില്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ടെക്‌സസ് ആസ്ഥാനമായുള്ള പാക്വിയുടെ വക്താവ് പറയുന്നു. ഉല്‍പ്പന്നം വാങ്ങിയ ആളുകള്‍ക്ക് റീഫണ്ട് ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
കരോലീന റീപ്പര്‍, നാഗ വൈപ്പര്‍ പെപ്പെര്‍ എന്നിവയില്‍ നിന്നുണ്ടാക്കിയ മസാല അടങ്ങിയ ലഘുഭക്ഷണമാണ് വണ്‍ ചിപ്പ് ചലഞ്ച് സ്‌നാക്ക്‌സ്. ഈ ഉല്‍പ്പന്നം വാങ്ങുന്നവര്‍ ചിപ്പ് കഴിക്കുകയും അതിന് ശേഷം എത്ര നേരം വെള്ളംകുടിക്കാതെയും ഭക്ഷണം കഴിക്കാതെയും തുടരുമെന്ന് ചലഞ്ച് ചെയ്യുന്നു. വണ്‍ ചിപ്പ് ചലഞ്ച് സ്‌നാക്ക്‌സ് മുതിര്‍ന്നവര്‍ക്ക് മാത്രമാണുള്ളതാണെന്നും കുട്ടികള്‍ക്കോ ഭക്ഷണ അലര്‍ജിയുള്ളവരോ ഗര്‍ഭിണികളോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരോ കഴിക്കരുതെന്നും വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിച്ചതായി കമ്പനി വ്യക്തമാക്കുന്നു.