വിമാനത്തിന് തകരാര്‍: ഇന്ത്യയില്‍ കുടുങ്ങി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

By: 600002 On: Sep 11, 2023, 9:42 AM

 

 

ഇന്ത്യയില്‍ ജി-20 ഉച്ചകോടിക്കെത്തിയ കനേഡിയന്‍ പ്രധാനമന്ത്രിക്കും സംഘത്തിനും മടക്കയാത്ര സാധ്യമായില്ല. ഞായറാഴ്ച ഉച്ചകോടി സമാപിച്ചതിനെ തുടര്‍ന്ന് കാനഡയിലേക്ക് തിരിക്കാനിരിക്കെയാണ് വിമാനത്തിന് കനേഡിയന്‍ സായുധ സേന സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ട്രൂഡോയും സംഘവും ഇന്ത്യയില്‍ തന്നെ തുടരുകയാണ്. സിഎഫ്‌സി 001 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. 

ഞായറാഴ്ച രാത്രി 8 മണിക്കാണ് വിമാന പുറപ്പെടേണ്ടിയിരുന്നത്. ജസ്റ്റിന്‍ ട്രൂഡോയും സംഘവും വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോഴാണ് തകരാര്‍ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. രാത്രിയില്‍ തന്നെ തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ബദല്‍ സംവിധാനമാകുന്നത് വപരെ ഇന്ത്യയില്‍ തുടരുമെന്നും ഓഫീസ് വ്യക്തമാക്കി. 

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ചയാണ് ട്രൂഡോ ഇന്ത്യയിലെത്തിയത്. ട്രൂഡോയുടെ 16 വയസ്സുള്ള മകന്‍ സേവ്യര്‍ ട്രൂഡോ ഉള്‍പ്പെടെ സംഘത്തിലുണ്ട്.