അമേരിക്കയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് റോഡ് പദ്ധതിയിൽ നിന്ന് പിന്മാറാനൊരുങ്ങി ഇറ്റലി.ദില്ലിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് നീക്കം. അതേസമയം ചൈനയുമായി സൗഹൃദബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും ഇറ്റലി വ്യക്തമാക്കി.കരാറിൽ നിന്ന് പിന്മാറുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപര ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇറ്റലിയുടെ കണക്ക് കൂട്ടൽ. ഇത് സംബന്ധിച്ച സൂചനകൾ സഖ്യകക്ഷികൾക്ക് നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം ചൈനയെ എങ്ങനെ അറിയിക്കണമെന്നതിൽ ഇറ്റാലിയൻ സർക്കാറിന് തീരുമാനമായിട്ടില്ല.2019ലാണ് ഇറ്റലി ഔദ്യോഗികമായി കരാറിൽ ഒപ്പുവച്ചത്. വിവിധ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ചൈനയുടെ വൻകിട വാണിജ്യ ശൃംഖലയാണ് ‘ബെൽറ്റ് ആൻഡ് റോഡ്’. ഇതിനു ബദലായി റെയിൽ, കപ്പൽ മാർഗങ്ങളിലൂടെ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു ജി20 ഉച്ചകോടിയിൽ ധാരണയായിരുന്നു.