ജി-20 യോഗത്തിൽ സുപ്രധാന കാര്യങ്ങൾ ലോക നേതാക്കൾ അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി

By: 600021 On: Sep 9, 2023, 8:18 PM

ന്യൂഡൽഹിയിൽ നടന്ന ജി-20 യോഗത്തിൽ സുപ്രധാന കാര്യങ്ങൾ അംഗീകരിച്ഛ് ലോക നേതാക്കൾ. സാമ്പത്തിക വളർച്ചയിൽ നിന്ന് എല്ലാവർക്കും പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദ്രുത നടപടി സ്വീകരിക്കാനും ആരോഗ്യ അടിയന്തരാവസ്ഥകൾ നേരിടാൻ മെച്ചപ്പെട്ട തയ്യാറെടുപ്പുകൾ നടത്താനും യോഗം ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 83 വകുപ്പുകളും അഭിപ്രായവ്യത്യാസങ്ങളുമില്ലാത്ത ന്യൂഡൽഹി പ്രഖ്യാപനം മുമ്പെങ്ങുമില്ലാത്തവിധം ശക്തമായ ഒരു ആഗോള ഉടമ്പടിയെയാണ് അടയാളപ്പെടുത്തുന്നതെന്നും ലോകത്തോട് ഒരുമിച്ച് പ്രവർത്തിക്കാനും രാജ്യങ്ങൾക്കിടയിൽ വിശ്വാസം വളർത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിക്കേണ്ട സമയമാണ്‌ 21-ാം നൂറ്റാണ്ടെന്നും, ഭക്ഷണം, ഇന്ധനം, തീവ്രവാദം, സൈബർ സുരക്ഷ, ആരോഗ്യം, ഊർജം തുടങ്ങിയ പ്രശ്നങ്ങൾക്കായി നമുക്ക് യഥാർത്ഥ പരിഹാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനങ്ങളുടെ ആവശ്യങ്ങളിലും ഉത്തരവാദിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലോകത്തെ മികച്ച ദിശയിലേക്ക് നയിക്കാനുള്ള നിർണായക സമയമാണ് ഇതെന്ന് വിശ്വസിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, സുസ്ഥിരമായ ഭാവിക്ക് വേണ്ടിയുള്ള ഹരിത വികസന ഉടമ്പടിയാണ് പ്രഖ്യാപനം വിഭാവനം ചെയ്യുന്നതെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞു. തീവ്രവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്നും അതിന്റെ എല്ലാ രൂപങ്ങളെയും നേതാക്കൾ അപലപിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് കീഴിലുള്ള ധനകാര്യ ട്രാക്കിൽ കൈവരിച്ച നേട്ടങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ എടുത്തുപറഞ്ഞു. ബഹുമുഖ വികസന ബാങ്കുകളെ ശക്തിപ്പെടുത്താനും ലോകബാങ്കിൻ്റെ സാമ്പത്തിക ശേഷി വർധിപ്പിക്കാൻ കൂട്ടായി പ്രവർത്തിക്കാനും അംഗരാജ്യങ്ങൾ സമ്മതിച്ചതായി അവർ പറഞ്ഞു. എല്ലാ രാജ്യങ്ങളും ഹരിത വികസന ഉടമ്പടിയിൽ പ്രവർത്തിക്കാൻ സമ്മതിച്ചതാണ് വലിയ നേട്ടമെന്ന് ഇന്ത്യയുടെ ജി20 പ്രതിനിധി അമിതാഭ് കാന്ത്. 112 ഫലങ്ങളും രേഖകളുമായി ഇന്ത്യയുടെ ജി20 നേതൃത്വം വളരെ അഭിലഷണീയമാണെന്നും അദ്ദേഹം പരാമർശിച്ചു.