സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാൻ ഒരുങ്ങി ചൈന

By: 600021 On: Sep 8, 2023, 7:00 PM

ആകാശത്തിന്റെ വിശാലമായ നിരീക്ഷണ സാധ്യത ലക്ഷ്യമിട്ട് ഉത്തരാര്‍ധ ഗോളത്തിലെ ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒരുങ്ങി ചൈന. ജ്യോതിശാസ്ത്രസംബന്ധിയായ സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനും ബഹിരാകാശ ഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും ഇതോടെ ചൈനയ്ക്ക് സാധ്യമാവും.സെപ്റ്റംബര്‍ മധ്യത്തോടെ പ്രവര്‍ത്തനക്ഷമമാകുന്ന ദൂരദര്‍ശിനി വികസിപ്പിച്ചത് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ കീഴില്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഓഫ് ചൈനയും പര്‍പ്പിള്‍ മൗണ്ടെയ്ന്‍ ഒബ്‌സര്‍വേറ്ററിയും സംയുക്തമായാണ്. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ആകാശവസ്തുക്കളെ കൃത്യമായി തിരിച്ചറിയുന്നതിനും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കുന്നതിനും 2.5 മീറ്റര്‍ വ്യാസമുള്ള വൈഡ് ഫീല്‍ഡ് സര്‍വേ ടെലിസ്‌കോപ്പിലൂടെ ചൈനയ്ക്ക് സാധ്യമാവും.