താമസത്തിനും ഭക്ഷണത്തിനുമുള്ള വര്‍ധിച്ചുവരുന്ന ചെലവുകള്‍ നോവ സ്‌കോഷ്യയില്‍ ജനജീവിതം പ്രതിസന്ധിയിലാക്കുന്നതായി കനേഡിയന്‍ സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സ് റിപ്പോര്‍ട്ട്. പ്രവിശ്യയിലെ മിനിമം വേതനം ആളുകള്‍ക്ക് ജീവിക്കാന്‍ ഉതകുന്നില്ല. പാര്‍പ്പിടം പോലുള്ള അടിസ്ഥാന ആവശ്യങ്ങളുടെ വര്‍ധിച്ചുവരുന്ന നിരക്ക് ശമ്പള വര്‍ധനവിനെയും മറികടക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പ്രവിശ്യയിലുടനീളം ശരാശരി 18 ശതമാനം വര്‍ധനയുണ്ടായ പാര്‍പ്പിട ചെലവുകളും 11 ശതമാനം വര്‍ധിച്ച ഭക്ഷണ ചെലവുകളുമാണ് ഈ വര്‍ഷത്തെ വര്‍ധനവിന് കാരണമായ പ്രധാന ഘടകങ്ങള്‍.
കുടുംബത്തിലെ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം ഒഴിവാക്കാനും കുട്ടികളുടെ ആരോഗ്യകരമായ വികസനത്തിന് പിന്തുണ നല്‍കാനും വേതനം ആവശ്യമാണ്. അടുത്ത മാസം വര്‍ധിപ്പിക്കുന്ന മിനിമം വേതനത്തേക്കാള്‍ 7.85 ഡോളര്‍ മുതല്‍ 11.59 ഡോളര്‍ വരെ കൂടുതലാണ് ലിവിംഗ് വേജ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിതച്ചെലവ് പ്രവിശ്യയിലെ ആളുകളെ ബുദ്ധമുട്ടിലാഴ്ത്തുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, ഹാലിഫാക്‌സ് ഏരിയയില്‍ നിലവില്‍ 26.50 ഡോളറാണ് ലിവിംഗ് വേജ് നിരക്ക്. അന്നാപൊളിസ് വാലിയില്‍ 25.40 ഡോളര്‍, സതേണ്‍ നോവ സ്‌കോഷ്യയില്‍ 25.05 ഡോളര്‍, നോര്‍ത്തേണ്‍ നോവ സ്‌കോഷ്യയില്‍ 24.30 ഡോളര്‍, കേപ് ബ്രെട്ടണില്‍ 22.85 ഡോളര്‍ എന്നിങ്ങനെയാണ് ലിവിംഗ് വേജ് നിരക്ക്. പ്രവിശ്യയിലെ അഞ്ച് പ്രധാന നഗരങ്ങളിലെ ലിവിംഗ് വേജ് നിരക്കിന്റെ വാര്‍ഷിക വര്‍ധന ശരാശരി 14 ശതമാനമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഒക്ടോബര്‍ 1 ന് പ്രവിശ്യയിലെ ഒരു മണിക്കൂര്‍ മിനിമം വേതനം 15 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ മിനിമം വേതനം 20 ഡോളറായി വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.