കാല്‍ഗറി ഡേ കെയറുകളില്‍ കൂടുതല്‍ ഇ.കോളി ബാക്ടീരിയ കേസുകള്‍ സ്ഥിരീകരിച്ചു. ലാബ് പരിശോധനയില്‍ 128 കേസുകള്‍ സ്ഥിരീകരിച്ചതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. കഴിഞ്ഞ ദിവസം 96 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഡേ കെയറുകളില്‍ കുട്ടികള്‍ രോഗബാധിതരാകുന്നതിനാല്‍ പേടിയോടെയാണ് മറ്റ് കുട്ടികളെ രക്ഷിതാക്കള്‍ ഡേ കെയറുകളിലും സ്‌കൂളുകളിലും വിടുന്നത്. വ്യാഴാഴ്ച 25 ഓളം കുട്ടികളെയാണ് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20 കുട്ടികള്‍ ആല്‍ബെര്‍ട്ട ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലും അഞ്ച് കുട്ടികള്‍ പീറ്റര്‍ ലൗഹീഡ് സെന്ററിലെ പീഡിയാട്രിക് യൂണിറ്റിലുമാണുള്ളത്. അതേസമയം, മൂന്ന് കുട്ടികള്‍ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി.
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷിഗ-ടോക്‌സിന്‍ ഇ.കോളിയുടെ ഏറ്റവും വലിയ വ്യാപനമാണ് കാല്‍ഗറിയില്‍ ഉണ്ടായിരിക്കുന്നതെന്ന് ഇ.കോളിയെക്കുറിച്ച് പഠിക്കുന്ന കമ്മിംഗ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ പീഡിയാട്രിക് പ്രൊഫസര്‍ ഡോ. സ്റ്റീഫന്‍ ഫ്രീഡ്മാന്‍ പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയിലുള്ള ഒമ്പത് രോഗികളില്‍ ഇ.കോളി കൂടാതെ ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം(എച്ച്‌യുഎസ്) സ്ഥിരീകരിച്ചതായി പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.