ഓണ്‍ലൈനില്‍ മാക്ബുക്ക് ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ത്ഥിനിക്ക് ലഭിച്ചത് പുസ്തകങ്ങള്‍. ഒന്റാരിയോ സ്വദേശിനി മഹി മന്‍കഡിനാണ് ദുരനുഭവമുണ്ടായത്. യൂണിവേഴ്‌സിറ്റിയില്‍ പഠനം ആരംഭിക്കാനിരിക്കെ ഇത്തരമൊരു അനുഭവം നേരിട്ടത് വിദ്യാര്‍ത്ഥിനിയെ സങ്കടത്തിലാഴ്ത്തി. പഠനത്തിന് പഴയ ലാപ്‌ടോപ്പ് മാറ്റി അപ്‌ഡേറ്റായ പുതിയ ലാപ്‌ടോപ്പ് വാങ്ങാന്‍ ആഗ്രഹിച്ചതിനാലാണ് ഓര്‍ഡര്‍ ചെയ്തതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.
ബോക്‌സില്‍ ഒരു സീരിയല്‍ നമ്പര്‍ ഉണ്ട്. അതിനാല്‍ ആരെങ്കിലും പെട്ടി തുറന്ന് ലാപ്‌ടോപ്പ് പുറത്തെടുത്ത് പകരം തുല്യഭാരമുള്ള രണ്ട് പുസ്തകങ്ങള്‍ എടുത്തുവെച്ചിരിക്കാമെന്ന് മന്‍കഡ് പറയുന്നു. തന്നെ വിഡ്ഢിയാക്കാന്‍ ഒപ്പിച്ച പണിയായിരിക്കാമെന്നും വിദ്യാര്‍ത്ഥിനി കരുതി.
പുതിയ Apple Macbook Air 1,674 ഡോളറിനാണ് ഓര്‍ഡര്‍ ചെയ്തത്. ലാപ്‌ടോപ്പിന് പകരം പുസ്തകം എത്തിയതോടെ കുടുംബം ഫെഡ്എക്‌സിനെയും ആപ്പിള്‍ കമ്പനിയെയും വിളിച്ചു. ഏത് ക്ലെയിം അഭ്യര്‍ത്ഥനകള്‍ക്കും ഫെഡ്എക്‌സ് നേരിട്ട് ഷിപ്പര്‍മാരുമായി പ്രവര്‍ത്തിക്കുന്നതായി കമ്പനി അറിയിച്ചു. നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി ഷിപ്പര്‍മാരില്‍ നിന്നുള്ള ക്ലെയിമുകള്‍ തങ്ങള്‍ പ്രോസസ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
പരാതി നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്തു. ഇനി ലാപ്‌ടോപ്പ് സ്റ്റോറില്‍ നിന്നും നേരിട്ട് വാങ്ങുമെന്ന് കുടുംബം അറിയിച്ചു.
ഓര്‍ഡര്‍ ചെയ്ത ബോക്‌സില്‍ എന്താണെന്ന് തുറന്നു നോക്കി ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ സ്വീകരിക്കാവൂ എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മങ്കഡും കുടുംബവും നല്ല നിലയിലെത്തിയ ബോക്‌സ് ഒപ്പിട്ട് ഏറ്റുവാങ്ങുകയായിരുന്നു. ഇങ്ങനെ ചെയ്യാതെ ബോക്‌സില്‍ എന്താണെന്ന് നോക്കി തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഐറ്റമാണെന്ന്, പ്രത്യേകിച്ച് വിലകൂടിയ വസ്തുവാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ഏറ്റുവാങ്ങണമെന്ന് മുന്നറിയിപ്പ് നല്‍കി.