കാല്‍ഗറിയില്‍ പാര്‍പ്പിട പ്രതിസന്ധി: അഞ്ചില്‍ ഒരു കുടുംബത്തിന് വില താങ്ങാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Sep 7, 2023, 9:47 AM

 


കാല്‍ഗറിയില്‍ പാര്‍പ്പിട പ്രതിസന്ധി രൂക്ഷമാകുന്നു. താങ്ങാനാകുന്ന വിലയില്‍ വീടുകള്‍ ലഭ്യമാകാത്തതോടെ മിക്ക കുടുംബങ്ങളും പ്രതിസന്ധിയിലാണെന്ന് കാല്‍ഗറി സിറ്റി ഹൗസിംഗ് നീഡ്‌സ് അസസ്‌മെന്റ് റിപ്പോര്‍ട്ട്. ചെലവ് കുറഞ്ഞ വീടുകളുടെ കുറവ് മൂലം വീടുകളുടെ വില താങ്ങാനാകാത്ത സ്ഥിതിയിലാണ് തങ്ങളെന്ന് കുടുംബങ്ങള്‍ പറയുന്നു. നഗരത്തില്‍ അഞ്ചില്‍ ഒരു കുടുംബത്തിന് വീടിന്റെ വില താങ്ങാനാകുന്നില്ലെന്നാണ് കണക്കുകള്‍. വീട് വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ തയ്യാറെടുക്കുന്നവരും ചെലവ് കുറഞ്ഞ വീടുകള്‍ ലക്ഷ്യം വെക്കുന്നവരെയും ഭവന പ്രതിസന്ധി ബാധിക്കുന്നുവെന്ന് കാല്‍ഗറി ഹൗസിംഗ് സൊല്യൂഷന്‍സ് മാനേജര്‍ ടിം വാര്‍ഡ് പറയുന്നു. 

2021 ല്‍ ഏകദേശം 84,600 കുടുംബങ്ങള്‍ക്ക് ഭവന ചെലവ് താങ്ങാനാവാത്ത അവസ്ഥയിലായിരുന്നതായി ഹൗസിംഗ് നീഡ്‌സ് അസസ്‌മെന്റ് റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ വിപണി സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, സ്ഥിതി മോശമായതും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഡിറ്റാച്ച്ഡ് വീടുകളുടെ ശരാശരി ചെലവ് 37 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 ഓടെ ചെലവ് കുറഞ്ഞ വീടുകളുടെ കുറവ് 100,000 യൂണിറ്റുകളില്‍ എത്തുമെന്നും ടിം വാര്‍ഡ് പറഞ്ഞു. 

അതേസമയം, നിലവില്‍ കാല്‍ഗറി നേരിടുന്ന ഭവന പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി സെപ്റ്റംബര്‍ 16 ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരുമെന്ന് കാല്‍ഗറി മേയര്‍ ജ്യോത് ഗോണ്ടെക് അറിയിച്ചു. 2024-2030 ഹൗസിംഗ് സ്ട്രാറ്റജിയെക്കുറിച്ച് പൊതുജനങ്ങളുടെ പ്രതികരണം അറിഞ്ഞതിന് ശേഷമാണ് കൗണ്‍സിലിന്റെ പ്രത്യേക യോഗം ചേരുന്നത്. പാര്‍പ്പിട പ്രതിസന്ധിക്ക് കൗണ്‍സില്‍ വേഗത്തിലുള്ള നടപടി സ്വീകരിക്കുമെന്ന് മേയര്‍ സോഷ്യല്‍മീഡിയ പോസ്റ്റിലുള്ള അറിയിപ്പില്‍ വ്യക്തമാക്കി.