കാനഡയില്‍ നിന്നും യുഎസിലേക്ക് ചുവടുമാറ്റി പൈലറ്റുമാര്‍: വിദേശ പൈലറ്റുമാരുടെ അപേക്ഷകള്‍ വര്‍ധിച്ചു  

By: 600002 On: Sep 6, 2023, 11:58 AM

 


കാനഡയില്‍ പൈലറ്റ് ക്ഷാമം രൂക്ഷമാകുന്നു. ഉയര്‍ന്ന വേതനം തേടുന്ന പൈലറ്റുമാര്‍ വലിയ തോതില്‍ യുഎസിലേക്ക് ചേക്കേറുന്നത് കാനഡയില്‍ പൈലറ്റ് ക്ഷാമത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതായി നിരീക്ഷകര്‍ പറയുന്നു. അണ്‍റിപ്പോര്‍ട്ടഡ് യുഎസ് ഗവണ്‍മെന്റ് ഡാറ്റ പ്രകാരം, 2022 ല്‍ യുഎസിലേക്ക് പോകുന്ന കനേഡിയന്‍ പൈലറ്റുമാരുടെ എണ്ണം മൂന്നിരട്ടിയായി. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍(FAA) ഡാറ്റ പ്രകാരം, യുഎസില്‍ വിമാന പറത്താനുള്ള ലൈസന്‍സിനായി 2022 ല്‍ 147 കനേഡിയന്‍ പൈലറ്റുമാര്‍ അപേക്ഷ നല്‍കി. ആകെ വിദേശ അപേക്ഷകളുടെ എണ്ണം ഏകദേശം 1,442 ആയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുടിയേറ്റത്തിന് അംഗീകാരം നല്‍കുന്നതിന് കാലതാമസവും ഉയര്‍ന്ന ചിലവുകളും ഉണ്ടായിരുന്നിട്ടും ഉയര്‍ന്ന വേതനം, വിമാന യാത്രയ്ക്കുള്ള ഡിമാന്‍ഡ് എന്നിവ യുഎസിലേക്ക് വിദേശ പൈലറ്റുമാരെ ആകര്‍ഷിക്കുന്നതായി നിരീക്ഷകര്‍ പറയുന്നു. 

അതേസമയം, യുഎസില്‍ കനേഡിയന്‍ പൈലറ്റുമാരുടെ അപേക്ഷകള്‍ വര്‍ധിക്കുന്നത് കനേഡിയന്‍ എയര്‍ലൈന്‍ കമ്പനികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കൂടാതെ, ലോ കോസ്റ്റ് എയര്‍ലൈനുകളുടെ വരവും കൂടിയായതോടെ വലിയ എയര്‍ലൈനുകളില്‍ പൈലറ്റുമാരുടെ കൊഴിഞ്ഞുപോക്കും വര്‍ധിച്ചു. ഇതോടെ എയര്‍ലൈനുകള്‍ വന്‍തോതില്‍ പൈലറ്റ് ക്ഷാമം നേരിടുകയാണ്. പൈലറ്റ് ക്ഷാമം രൂക്ഷമാകുന്നതോടെ സര്‍വീസുകള്‍ റദ്ദാക്കുന്നതിനും കാലതാമസം നേരിടുന്നതിനും കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇത് യാത്രക്കാരുടെ സുഗമമായ യാത്രയെ മോശമായി ബാധിക്കുകയും ചെയ്യും.