കാല്‍ഗറി ഡേകെയറില്‍ ഇ-കോളി ബാക്ടീരിയ: 50 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എഎച്ച്എസ് 

By: 600002 On: Sep 6, 2023, 10:39 AM

 


കാല്‍ഗറിയില്‍ ഫ്യുവലിംഗ് ബ്രെയിന്‍സ് എന്ന ഡേകെയര്‍ പ്രവര്‍ത്തിക്കുന്ന ആറോളം സ്ഥലങ്ങളില്‍ ഇ-കോളി ബാക്ടീരിയ പടര്‍ന്നുപിടിച്ചതിനു പിന്നാലെ 50 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. കുട്ടികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എഎച്ച്എസ് വ്യക്തമാക്കി. ഇ-കോളി ബാക്ടീരിയ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡേകെയറുകള്‍ അടച്ചുപൂട്ടാന്‍ എഎച്ച്എസ് ഉത്തരവിട്ടു. 

ലാബില്‍ സ്ഥിരീകരിച്ച 17 കേസുകളിലും 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതുവരെ 50 ഓളം കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായും എഎച്ച്എസ് വ്യക്തമാക്കി. 

ഡേകെയറുകള്‍ കൂടാതെ, സെന്‍ട്രല്‍ കിച്ചണ്‍ ഷെയര്‍ ചെയ്യുന്ന അഞ്ചോളം സൈറ്റുകളിലും ഇ-കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ബ്രെയ്‌നീര്‍ അക്കാദമി, കിഡ്‌സ് സ്‌പേസ്, ലിറ്റില്‍ ഓക്ക് ഏര്‍ലി എജ്യുക്കേഷന്‍, അല്‍മോണ്ട് ബ്രാഞ്ച് സ്‌കൂള്‍, ഓകോടോക്‌സിലെ വിക് അക്കാദമി എന്നിവയും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുണ്ട്.