മോണ്‍ട്രിയലിനും ന്യൂയോര്‍ക്ക് സിറ്റിക്കും ഇടയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങി ആംട്രാക്ക് 

By: 600002 On: Sep 6, 2023, 10:21 AM

 

 

അടുത്തയാഴ്ചയോടെ മോണ്‍ട്രിയലിനും ന്യൂയോര്‍ക്ക് സിറ്റിക്കും ഇടയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ലക്ഷ്യമിടുന്നതായി ആംട്രാക്ക്. പ്രതിവര്‍ഷം 100,000 ത്തോളം യാത്രക്കാര്‍ സഞ്ചരിക്കുന്ന ഈ റൂട്ടില്‍ സെപ്റ്റംബര്‍ 11 ന് മുമ്പ് സര്‍വീസ് പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നതെന്ന് അമേരിക്കന്‍ റെയില്‍ കമ്പനി വ്യക്തമാക്കുന്നു. സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 

വേനല്‍ക്കാലത്ത് കടുത്ത ചൂട്  സ്റ്റീല്‍ പാളങ്ങളെ ബാധിക്കുമെന്നതിനാല്‍ ജൂണ്‍ അവസാനത്തോടെ കനേഡിയന്‍ നാഷണല്‍ റെയില്‍ കമ്പനി ലൈനിലൂടെയുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ആംട്രാക്ക് പ്രഖ്യാപിച്ചിരുന്നു. ചൂട് കൂടുന്ന ദിവസങ്ങളില്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗതയിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. ഇത് നാല് മണിക്കൂര്‍ വരെ വൈകിയോടേണ്ടി വന്നു. യാത്രക്കാര്‍ക്ക് വൈകിയോടല്‍ മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. കനേഡിയന്‍ നാഷണല്‍ റെയില്‍വേയുടെ ഹീറ്റ് ഓര്‍ഡര്‍ നയം അനുസരിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്.