ശനിയാഴ്ച നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ രണ്ട് എറിത്രിയന്‍ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചതായി കാല്‍ഗറി പോലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമീപകാലത്ത് നടന്നതില്‍ വെച്ച് ഏറ്റവും അക്രമാസക്തമായ ഏറ്റുമുട്ടലാണിതെന്ന് പോലീസ് വ്യക്തമാക്കി. ഫാല്‍ക്കണ്‍റിഡ്ജിലുണ്ടായത് ആസൂത്രിതവും ചിലയാളുകളെ ലക്ഷ്യം വെച്ചതുമായ ആക്രമണമാണെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് ന്യൂഫെല്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറിത്രിയന്‍ കമ്മ്യൂണിറ്റിയിലെ ചില അംഗങ്ങള്‍ ഉള്‍പ്പെടുന്ന നിലവിലെ സംഘര്‍ഷങ്ങളുമായി ഈ അക്രമണത്തിന് ബന്ധമുണ്ട്. കൂടാതെ ലോകമെമ്പാടും എറിത്രിയന്‍ കമ്മ്യൂണിറ്റികളിലുണ്ടാകുന്ന അക്രമണങ്ങളുടെ തുടര്‍സംഭവങ്ങളാണ് കാനഡയിലും അരേങ്ങേറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. മക്‌നൈറ്റ് ബൊളിവാര്‍ഡിലും ഫാല്‍ക്കണ്‍റിഡ്ജ് ബൊളിവാര്‍ഡ് നോര്‍ത്ത് ഈസ്റ്റിലുമായി ഒരു വിഭാഗം എറിത്രിയന്‍ അംഗങ്ങള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ മറ്റൊരു വിഭാഗം ആക്രമണം അഴിച്ചുവിടുകയായിരുന്നു.