പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ആല്‍ബെര്‍ട്ടയിലുടനീളം സ്‌കൂള്‍ ഡ്രൈവര്‍മാരുടെ കുറവ് രൂക്ഷമാകുന്നതായി ബസ് ഓപ്പറേറ്റര്‍മാര്‍. ബസ് സര്‍വീസ് കുറയുമ്പോള്‍ സ്‌കൂളുകളിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ പ്രയാസപ്പെടുമെന്ന് രക്ഷിതാക്കളും പറയുന്നു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ബന്ധിത എന്‍ട്രി ലെവല്‍ പരിശീലനം (MELT) ആല്‍ബെര്‍ട്ട സര്‍ക്കാര്‍ ഉപേക്ഷിച്ചത് ബസ് ഡ്രൈവറുടെ കുറവിന് ആഘാതം കൂട്ടി. സ്‌കൂള്‍ ഡ്രൈവര്‍മാരെ ഈ പരിശീലനം ഏറെ സഹായിച്ചതായി കണ്ണിംഗ്ഹാം ട്രാന്‍സ്‌പോര്‍ട്ടേഷനിലെ ലോറ ഡോറോഷെങ്കോ പറയുന്നു. എന്നാല്‍ പരിശീലന പരിപാടി പൂര്‍ത്തിയാക്കാന്‍ അഞ്ച് മുതല്‍ ആറാഴ്ച വരെ എടുക്കുമെന്നതിനാല്‍ പരിശീലന പരിപാടി പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ പലരും ഉപേക്ഷിച്ച് പോകുന്നു. വരുമാനം നേടാനായി അവര്‍ മറ്റ് ജോലികള്‍ കണ്ടെത്തുന്നു. ഡ്രൈവര്‍മാരെ പരിശീലിപ്പിക്കുന്നതിന് ബസ് കമ്പനികള്‍ക്കാണ് ബാധ്യതയും ചെലവും. അതിനാല്‍ പരിശീലന പരിപാടി കാര്യക്ഷമമായി മുന്നോട്ട് പോകാതെയും വരുന്നുവെന്ന് ഡോറോഷെങ്കോ പറഞ്ഞു.
അതേസമയം, സ്‌കൂള്‍ ഡിസ്ട്രിക്റ്റുകള്‍ക്കും ബസ് ഓപ്പറേറ്റര്‍മാര്‍ക്കും ബസ് ഡ്രൈവര്‍മാരെ ആവശ്യപ്പെട്ടുള്ള പരസ്യം നല്‍കാന്‍ മതിയായ സമയം ലഭിക്കാത്തതും ബസ് ഡ്രൈവര്‍മാരുടെ കുറവ് വര്‍ധിപ്പിച്ചു. സ്‌കൂള്‍ ബസ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിനായി ധനസഹായം നല്‍കിയെങ്കിലും പ്രതീക്ഷിച്ചത്ര നന്നായി പ്രാവര്‍ത്തികമായില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും പറയുന്നു.