ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രൂഡോ ഇന്തോനേഷ്യയിലേക്ക്; കാനഡയെ സ്ട്രാറ്റജിക് പാര്‍ട്ണറാക്കുന്നു 

By: 600002 On: Sep 5, 2023, 11:40 AM

 


അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷന്‍ നേഷന്‍സ്( ആസിയാന്‍) കാനഡയെ ഏറ്റവും പുതിയ സ്ട്രാറ്റജിക് പാര്‍ട്ണറാക്കാന്‍ തയാറാടെക്കുകയാണ്. ഈ നടപടിയ്ക്ക് പിന്നാലെ ഇന്തോ-പസഫിക് മേഖലയ്ക്കുള്ളില്‍ കാനഡയുടെ പദവിക്ക് ഉത്തേജനം ലഭിക്കാന്‍ പോവുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ മേഖലയില്‍ കാനഡയുടെ വിപുലമായ സാന്നിധ്യം തിരിച്ചറിയുകയും കാനഡ-ആസിയാന്‍ കരാറിലെ പുരോഗതിയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ നീക്കം. ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുമ്പ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്‍ഡോനേഷ്യ സന്ദര്‍ശിക്കുന്ന വേളയില്‍ പങ്കാളിത്തം അംഗീകരിക്കപ്പെടും. ട്രേഡ് മിനിസ്റ്റര്‍ മേരി എന്‍ജിയും ട്രൂഡോയ്‌ക്കൊപ്പമുണ്ടാകും.  ഏഷ്യയിലും ഇന്തോ-പസഫിക് മേഖലയിലുമുള്‍പ്പെടെയുള്ള വ്യാപാര വിപണികളെ ലക്ഷ്യം വെച്ചുള്ള ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഇന്ത്യ എന്നിവടങ്ങളില്‍ ആറ് ദിവസങ്ങളിലായി നടത്തുന്ന സന്ദര്‍ശനത്തില്‍ ഏഷ്യന്‍ നേതാക്കളുമായുള്ള ബന്ധം ഉറപ്പാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.

സന്ദര്‍ശന വേളയില്‍, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ സുരക്ഷ, സാമ്പത്തിക ബന്ധങ്ങള്‍, ഊര്‍ജ്ജ ഉല്‍പ്പാദനം, വ്യാപാരം തുടങ്ങിയ വിഷയങ്ങള്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോസോയുമായി കൂടിക്കാഴ്ച നടത്തും. ആസിയാന്‍-കാനഡ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ബുധനാഴ്ചയാണ് അംഗീകരിക്കപ്പെടുക. ട്രൂഡോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.