ടൊറന്റോയില്‍ എമര്‍ജന്‍സി റൂമുകളില്‍ കാത്തിരിപ്പ് സമയം വര്‍ധിക്കുന്നു: അനുഭവം പങ്കുവെച്ച് രോഗിയായ സ്ത്രീ 

By: 600002 On: Sep 5, 2023, 9:13 AM

 

 

ടൊറന്റോയിലെ ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളില്‍ കാത്തിരിപ്പ് സമയം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഡോക്ടറെ കാണാനായി ഹാള്‍വേയില്‍ കാത്തിരിക്കേണ്ടി വന്ന രോഗിയായ സ്ത്രീ ഈ കാത്തിരിപ്പ് അനുഭവം മാധ്യമങ്ങളുമായി പങ്കുവെച്ചു. രോഗികള്‍ ഹാള്‍വേയില്‍ കാത്തിരിക്കുന്നതിന്റെ ചിത്രവും ഇവര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഓഗസ്റ്റ് പകുതിയോടെ പിത്തസഞ്ചിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി സിയോബന്‍ മിച്ചല്‍ ടൊറന്റോ ആശുപത്രിയിലെത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന തന്നെ കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ ഹാള്‍വേയിലാണ് അഡ്മിറ്റാക്കിയത്. അവിടെ 48 മണിക്കൂറാണ് തനിക്ക് കാത്ത്കിടക്കേണ്ടി വന്നതെന്ന് മിച്ചല്‍ പറയുന്നു. ഹാള്‍വേയില്‍സ കിടക്കുന്നതിനിടെ മിച്ചല്‍ പകര്‍ത്തിയ ഫോട്ടോ ആശങ്ക ജനിപ്പിക്കുന്നതാണ്. നിരവധി ആളുകളാണ് ഹാള്‍വേയില്‍ കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ കിടക്കുന്നത്. മാത്രവുമല്ല, മണിക്കൂറുകളോളം രോഗികള്‍ക്ക് അവിടെ കാത്തിരിക്കേണ്ടി വന്നുവെന്നും മിച്ചല്‍ പറയുന്നു. 

ആശുപത്രിയിലെ കിടക്ക പ്രശ്‌നം സംബന്ധിച്ച് നേരത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും പരാതി ഉന്നയിച്ചിരുന്നു. തീവ്ര പരിചരണം ആവശ്യമായ നിരവധി ആളുകള്‍ ഇത്തരത്തില്‍ കിടക്കയുടെ ദൗര്‍ലഭ്യം മൂലം കാത്തിരിക്കുകയാണെന്ന് മിച്ചല്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ആവശ്യത്തിന് കിടക്കകളും മുറികളുമില്ലെന്നും, അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളുടെ എണ്ണം മൂലം കാത്തിരിപ്പ് സമയം കൂടുന്നുവെന്നും അവര്‍ പറയുന്നു.

രണ്ട് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മിച്ചലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. താന്‍ സുഖംപ്രാപിച്ച് വരുന്നതായി മിച്ചല്‍ പറഞ്ഞു. എമര്‍ജന്‍സി റൂമുകളിലെ തിരക്കിനെക്കുറിച്ച് ആളുകള്‍ അറിഞ്ഞിരിക്കണമെന്നും ഇആര്‍ ടീമുകള്‍ പറയുന്നത് യാഥാര്‍ത്ഥ്യമാണെന്നും അവര്‍ വ്യക്തമാക്കി. തിരക്ക് മൂലം കിടക്കകള്‍ ഒഴിവുണ്ടാകില്ല. അതിനാല്‍ ആളുകള്‍ ഇത് മുന്‍കൂട്ടി എമര്‍ജന്‍സി റൂമുകളിലേക്ക് വരണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.