സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത രൂക്ഷം; പുടിനും ഷിയും ജി 20 യിൽ എത്തിയേക്കില്ല

By: 600021 On: Sep 4, 2023, 7:25 PM

യുക്രൈൻ വിഷയത്തിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ദില്ലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യയുടെയും ചൈനയുടെയും തലവന്മാർ പങ്കെടുത്തേക്കില്ല. ചൈനീസ് പ്രസിഡന്‍റിന് പകരം പ്രധാനമന്ത്രി ലി ചിയാങ് പങ്കെടുക്കുമെന്ന് ചൈന ഔദ്യോഗികമായി അറിയിച്ചു. ജി 20 ഉച്ചകോടിയിൽ ലോകത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സമവായത്തിനുള്ള നിർദ്ദേശം ഇന്നലെ വാർത്താ ഏജൻസിയോട് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നത തുടരുകയാണ്. യുക്രൈനെക്കുറിച്ചുള്ള നേരിട്ടുള്ള പരാമർശം ഒഴിവാക്കാമെന്ന ഇന്ത്യയുടെ സമവായ നിർദ്ദേശത്തെ അമേരിക്ക ഉൾപ്പടെ ജി 7 രാജ്യങ്ങൾ ശക്തമായി എതിർത്തു. റഷ്യയെ നേരിട്ട് കുറ്റപ്പെടുത്താതെ യുദ്ധത്തിനും സംഘർഷത്തിനും എതിരായ നിലപാട് വ്യക്തമാക്കാമെന്ന ഇന്ത്യയുടെ നിർദ്ദേശവും പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. സംയുക്തപ്രസ്താവനയിൽ റഷ്യയുടെ നിലപാടിനെതിരായ പരാമർശം വേണമെന്നാണ് അമേരിക്ക ഉൾപ്പടെ ജി എഴ് രാജ്യങ്ങളുടെ ആവശ്യം. ആഫ്രിക്കൻ യൂണിയനെ കൂടി ഉൾപ്പെടുത്തി ജി 20, ജി 21 ആക്കണം എന്ന ഇന്ത്യയുടെ നിർദ്ദേശത്തിനും ചില രാജ്യങ്ങൾ എതിർപ്പറിയിച്ചു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് സമവായത്തിന് ശ്രമിച്ചേക്കും. അതേസമയം, റഷ്യയെ കുറ്റപ്പെടുത്തുന്ന പ്രമേയം വീറ്റോ ചെയ്യും എന്ന നിലപാടിലാണ് റഷ്യയും ചൈനയും.