ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു.

By: 600021 On: Sep 4, 2023, 7:23 PM

ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. 64 വയസ്സായിരുന്നു.തമിഴ്നാട്ടിലെ അരിയല്ലൂര്‍ സ്വദേശിയായ വളർമതി 1984 ലാണ് ഐഎസ്ആർഒയുടെ ഭാഗമായത്. 2012 ഏപ്രിലിൽ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്‍റെ പ്രോജക്ട് ഡയറക്ടറായിരുന്നു വളർമതി. മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍മാനുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം നല്കി 2015 ൽ തമിഴ്‌നാട് സർക്കാർ വളര്‍മതിയെ ആദരിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്‌ഡൗണുകൾക്ക് വളർമതി മാഡത്തിന്റെ ശബ്ദം ഇനി ഉണ്ടാകില്ലെന്നും അപ്രതീക്ഷിതമായ വിയോഗത്തിൽ സങ്കടം തോന്നുന്നുവെന്നും ഐഎസ്ആർഒയുടെ മുൻ ഡയറക്ടർ ഡോ പി വി വെങ്കിടകൃഷ്ണൻ അറിയിച്ചു.ചന്ദ്രയാൻ- 3 ആയിരുന്നു വളർമതിയുടെ അവസാന കൗണ്ട് ഡൗൺ ശബ്ദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.