കാനഡയുടെ ഭവന പ്രതിസന്ധിക്ക് പിന്നില്‍ പതിറ്റാണ്ടുകളായുള്ള സര്‍ക്കാരിന്റെ നയ പരാജയങ്ങളെന്ന് മുന്‍ ഉപപ്രധാനമന്ത്രി 

By: 600002 On: Sep 4, 2023, 12:20 PM

 

 

പതിറ്റാണ്ടുകളായി മാറി മാറി വരുന്ന സര്‍ക്കാരിന്റെ നയപരമായ പരാജയങ്ങളാണ് രാജ്യത്ത് ഭവന പ്രതിസന്ധി രൂക്ഷമാക്കിയതെന്ന അഭിപ്രായവുമായി മുന്‍ ഉപപ്രധാനമന്ത്രി ഷീല കോപ്‌സ്. 1980 കളില്‍ ഫെഡറല്‍ ഗവണ്‍മെന്റ് പാര്‍പ്പിട പ്രശ്‌നം പ്രവിശ്യകള്‍ക്ക് വിട്ടുകൊടുത്തതിനെ തുടര്‍ന്നാണ് ദശാബ്ദങ്ങളായി പാര്‍പ്പിട ലഭ്യതയും വിതരണവും ഇത്രയും മോശമായത്. കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍(CMHC) ഭവന നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍, നിര്‍മാണത്തിലും ഹൗസിംഗ് സ്ട്രാറ്റജിയിലും പോളിസിയിലും ഗണ്യമായ അളവില്‍ ദേശീയ നിക്ഷേപം ഉണ്ടായിരുന്നുവെന്ന് ഷീല കോപ്‌സ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ഫെഡറല്‍ തലത്തില്‍ ഹൗസിംഗില്‍ നിന്ന് പുറത്തുകടക്കാന്‍ 1987 ല്‍ എടുത്ത തീരുമാനം 30 വര്‍ഷത്തെ അണ്‍ബില്‍റ്റ് ഹൗസിംഗിന് കാരണമായി. കൂടാതെ 30 വര്‍ഷമായി ഭവന നിര്‍മാണത്തെക്കുറിച്ചുള്ള നല്ല പൊതുനയം ശരിക്കും വിശകലനം ചെയ്യാത്തതിനും കാരണമായി. ഇത് വലിയൊരു പ്രശ്‌നമാണെന്ന് താന്‍ കരുതുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. 1990 കളില്‍ ലിബറല്‍ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു ഷീല കോപ്‌സ്. 

1970കളില്‍ ഫെഡറല്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത ഭവന നയത്തില്‍ പ്രായമായവരുടെ സംരക്ഷണം തദ്ദേശീയ ഭവനങ്ങളുടെ വികസനം എന്നിവ ഉള്‍പ്പെടെ ഭവന നിര്‍മാണത്തില്‍ ഗവണ്‍മെന്റ് കൂടുതല്‍ നേരിട്ട് ഇടപെടുന്നതായി കണ്ടു.എന്നാല്‍ 1980 കളില്‍ പ്രവിശ്യാ സര്‍ക്കാരുകള്‍ ഭവന നയം ഏറ്റെടുത്തതോടെ ഇത് മാറിയെന്നും പാര്‍പ്പിട പ്രതിസന്ധി ഉടലെടുക്കാന്‍ തുടങ്ങിയെന്നും കോപ്‌സ് അഭിപ്രായപ്പെട്ടു.