ഒന്റാരിയോ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി 

By: 600002 On: Sep 4, 2023, 10:02 AM

 


ഫാള്‍ സീസണില്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കില്ലെന്ന് ഒന്റാരിയോ വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെയ്‌ച്ചെ. കാനഡയിലെ എല്ലാ മേഖലയിലെയും പോലെ, ഒന്റാരിയോ സ്‌കൂളുകളിലും മാസ്‌കുകള്‍ ആവശ്യമില്ലെന്ന് അദ്ദേഹം ഇമെയില്‍ പ്രസ്താവനയില്‍ അറിയിച്ചു. പ്രവിശ്യയിലെ എല്ലാ സ്‌കൂളുകളിലും വെന്റിലേഷന്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 100,000 HEPA ഫില്‍ട്ടര്‍ യൂണിറ്റുകള്‍ വിന്യസിച്ചും ഉയര്‍ന്ന MERV-13 ഗുണനിലവാരമുള്ള ഫില്‍ട്ടറുകള്‍ ഉപയോഗിച്ചും മെക്കാനിക്കല്‍ വെന്റിലേഷന്‍ മെച്ചപ്പെടുത്തുന്നതിനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, ഒന്റാരിയോയില്‍ കോവിഡ് വ്യാപനത്തിന്റെ പുതിയ തരംഗത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവനയെന്നത് വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയായിട്ടുണ്ട്. 2022 മാര്‍ച്ചിലാണ് ഒന്റാരിയോ ആദ്യമായി പൊതുഇടങ്ങളിലെ മാസ്‌ക് മാന്‍ഡേറ്റ് പിന്‍വലിച്ചത്.