വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വൈദ്യതി ബോർഡിന്റെ മുന്നറിയിപ്പ്. വൈദ്യുതി കമ്മി പരിഗണിച്ചു നിയന്ത്രണം ഒഴിവാക്കുന്നതിന് വൈകുന്നേരം 6 മുതൽ രാത്രി 11 വരെ ഉപയോഗം പരമാവധി കുറയ്‌ക്കണമെന്നും അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും ബോർഡ് അഭ്യർഥിച്ചു.പവർ എക്സ്ചേഞ്ചിൽ നിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയും ജലവൈദ്യുത നിലയങ്ങളിൽ 2.09 കോടി യൂണിറ്റ് ഉൽപാദിപ്പിച്ചുമാണ് ഇതുവരെ പിടിച്ചുനിന്നത്. എന്നാൽ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിൽ ചില മേഖലകളിൽ എങ്കിലും അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് പോംവഴിയെന്നും ബോർഡ് വ്യക്തമാക്കി. ജലവൈദ്യുതിയുടെ ഉൽപാദനത്തിൽ നിലവിലെ രീതി തുടർന്നാൽ ജനുവരി ആകുമ്പോഴേക്കും ഡാമുകൾ വറ്റുമെന്നതാണ് ആശങ്ക..മഴക്കുറവ് മൂലം ഡാമുകളിലെ നീരൊഴുക്ക് കുറഞ്ഞതാണ് സംസ്ഥാനത്തെ പ്രതിസന്ധിക്ക് മൂല കാരണം.