സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി ജി20 ഉച്ചകോടി നടക്കുന്ന ദില്ലിയില്‍ സെപ്റ്റംബര്‍ 8 മുതല്‍ 11 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റെയിൽ,റോഡ്, വ്യോമ ഗതാഗതങ്ങൾക്കാണ് നിയന്ത്രണം. ചില സർവിസുകൾ രാധു ചെയ്തും, റൂട്ടില്‍ മാറ്റം വരുത്തിയും വഴിതിരിച്ചുവിട്ടും ഭാഗികമായി സര്‍വീസ് നടത്തിയുമാണ് നിയന്ത്രണം ഏർപ്പെടുത്തുക.യാത്രക്കാരുടെ സൌകര്യം പരിഗണിച്ച് 70 ഓളം ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകളും ഏര്‍പ്പെടുത്തി. യാത്ര ചെയ്യാന്‍ പരമാവധി റോഡ് ഒഴിവാക്കി ആളുകള്‍ മെട്രോ ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ദില്ലിയില്‍ നിന്ന് പുറപ്പെടുന്നതും ദില്ലിയിലെത്തുന്നതുമായ 160 ആഭ്യന്തര വിമാന സര്‍വ്വീസുകളും ഇതോടനുബന്ധിച്ഛ് റദ്ദാക്കി.ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള രാജ്യതലസ്ഥാനത്തെ മേഖലകളിലെ ചേരികളിലെ വീടുകള്‍ നെറ്റ് ഉപയോഗിച്ച് മറച്ചും പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തെ ചേരികള്‍ ഒഴിപ്പിച്ചുമാണ് ജി20 ഉച്ചകോടിക്കായി തലസ്ഥാനം ഒരുങ്ങുന്നത്. ദില്ലിയില്‍ സെപ്റ്റംബർ 9, 10, തിയ്യതികളിലായി നടക്കുന്ന ജി 20 യോഗത്തിൽ അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നീ 20 ലോക രാജ്യങ്ങളാണ് അണിനിരക്കുന്നത്.