ജി 20 ഉച്ചകോടിയോടനുബന്ധിച്ഛ് കിഴക്കൻ ഹിമാലയത്തിൽ ഒരു ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനും ഒരു ദശലക്ഷം ഹെക്ടർ ഭൂമി പുനരധിവസിപ്പിക്കാനുമുള്ള ഗ്രേറ്റ് പീപ്പിൾസ് ഫോറസ്റ്റ് പദ്ധതി അവതരിപ്പിച്ചു. കിഴക്കൻ ഹിമാലയത്തെയും മേഖലയെ ആശ്രയിക്കുന്ന നൂറുകോടി ജനങ്ങളെയും സംരക്ഷണ അജണ്ടയിൽ ഉൾപ്പെടുത്തിയാവും പദ്ധതിയുടെ പ്രവര്‍ത്തനം.ബില്യൺ ഡോളർ ധനസഹായം ലക്ഷ്യമിട്ട് ബലിപാറ ഫൗണ്ടേഷൻ, കൺസർവേഷൻ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചാണ് പദ്ധതിയുടെ അവതരണം. പ്രദേശത്തെ ഭൂമിയിലും ജലസ്രോതസ്സുകളിലും ആശ്രയിക്കുന്ന ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഗംഗ, ബ്രഹ്മപുത്ര എന്നീ രണ്ട് പ്രധാന നദികൾ ഉത്ഭവിക്കുകയും ഭൂമിയുടെ ജൈവവൈവിധ്യത്തിന്റെ പന്ത്രണ്ടിൽ ഒരു ഭാഗം ഉൾപ്പെടുകയും ചെയ്യുന്ന കിഴക്കൻ ഹിമാലയം മേഖലയിൽ നിന്നും വര്‍ഷം തോറും 100,000 ഹെക്ടർ മരങ്ങൾ നഷ്ടമാകുന്നത് ആഗോള തലത്തില്‍ ബോധവല്‍ക്കരണം വേണ്ട വിഷയമാണ്. ഈ മേഖലയെ അതിന്റെ ചരിത്രപരമായും പാരിസ്ഥിതികമായുമുള്ള പ്രാധാന്യത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തിലാണ് ഗ്രേറ്റ് പീപ്പിൾസ് ഫോറസ്റ്റ് പ്രവര്‍ത്തനം. ഇന്ത്യയിൽ ജി20 സംഘടിപ്പിക്കുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും നിരവധി സംഭാവനകൾ ലോകത്തിന് നൽകാനാകുമെന്ന് ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.