ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; കേന്ദ്ര സർക്കാർ എട്ടംഗ സമിതിയെ തീരുമാനിച്ചു.

By: 600021 On: Sep 2, 2023, 5:40 PM

ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന നിർദേശം നടപ്പാക്കുന്നതിനുള്ള മാർഗങ്ങൾ പഠിക്കാൻ എട്ടംഗ സമിതി രൂപീകരിച്ഛ് കേന്ദ്രസർക്കാർ.മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, മുൻ കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ അംഗങ്ങളുമാണ്. സമിതിയിലെ പ്രത്യേക ക്ഷണിതാവായി കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാളും സെക്രട്ടറിയായി കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയും തിരഞ്ഞെടുക്കപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. സമിതിയുടെ ഓഫീസ് ഉൾപ്പെടെ കാര്യങ്ങൾ ഒരുക്കുക ചിലവുകൾ വഹിക്കുക തുടങ്ങിയ കാര്യങ്ങൾ നിയമ മന്ത്രാലയം വഹിക്കും.