അഴുക്ക് പിടിച്ച് വൃത്തികേടായ കാറിന്റെ ഫോട്ടോ അയക്കൂ, സമ്മാനം നേടൂ! ; വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ച് ഐസിബിസി 

By: 600002 On: Sep 2, 2023, 11:08 AM

 

 


പ്രവിശ്യ കടുത്ത വരള്‍ച്ചയെ നേരിടുന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെ വില മനസ്സിലാക്കുന്നതിനും വെള്ളം അനാവശ്യമായി പാഴാക്കി കളയരുതെന്നും ഓര്‍മിപ്പിച്ച് വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയ(ICBC). പൊടിയും അഴുക്കും പിടിച്ച കാറുകളുടെ ഫോട്ടോ അയക്കാനാണ് ഐസിബിസി ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളമുപയോഗിച്ച് കാര്‍ കഴുകാത്തവരാണെങ്കില്‍ അവരുടെ കാറുകളുടെ ഫോട്ടോ അയക്കാനാണ് നിര്‍ദ്ദേശം. കാര്‍ കഴുകുന്നത് അല്ല, വെള്ളം പാഴാക്കാതെയിരിക്കുന്നതാണ് പ്രധാനമെന്ന് മത്സരത്തിലൂടെ ജനങ്ങളെ ഓര്‍മിപ്പിക്കുകയാണെന്ന് ഐസിബിസി പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഐസിബിസി മത്സര പ്രഖ്യാപനം നടത്തിയത്. ഏറ്റവും വൃത്തികെട്ട കാറിന് സമ്മാനം ലഭിക്കുന്നതായിരിക്കുമെന്ന് ഐസിബിസി അറിയിച്ചു. 

വൃത്തികെട്ട കാറുകളാണെങ്കിലും കണ്ണാടികളും വിന്‍ഡോകളും ശരിയായി തുടച്ച് വൃത്തിയാക്കാനും ലൈസന്‍സ് പ്ലേറ്റുകള്‍ കൃത്യമായി കാണാന്‍ കഴിയുന്ന രീതിയിലുമായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

പ്രവിശ്യാ സര്‍ക്കാരുമായി ചേര്‍ന്ന് നടത്തുന്ന മത്സരത്തിന്റെ അവസാന തീയതി സെപ്റ്റംബര്‍ 11 ആണ്. ബീസി ലയണ്‍സ് കാണാനുള്ള ടിക്കറ്റുകളും 50 ഡോളര്‍ ഗ്യാസ് കാര്‍ഡുമാണ് സമ്മാനമായി ലഭിക്കുക. 

മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.icbc.com/Pages/dirty-car-prize-contest-rules.aspx എന്ന ലിങ്ക് സന്ദര്‍ശിക്കുക.