കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ തടയും: നിലപാടിലുറച്ച് മെറ്റ 

By: 600002 On: Sep 2, 2023, 8:09 AM

 

 

കാനഡയില്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകള്‍ വഴി വാര്‍ത്തകള്‍ തടയുന്നത് തുടരുമെന്ന് മെറ്റ. വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് പണം നല്‍കാന്‍ ഡിജിറ്റല്‍ ഭീമന്മാരെ നിര്‍ബന്ധിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് ആക്ടിന്റെ കരട് നിയമങ്ങള്‍ വെള്ളിയാഴ്ച പുറത്തിറക്കിയതിന് പിന്നാലെയാണ് മെറ്റ തീരുമാനത്തിലുറച്ച് നില്‍ക്കുന്നതായി അറിയിച്ചത്. അതേസമയം, വാര്‍ത്താ നിയമം നടപ്പിലാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കരട് നിയമങ്ങള്‍ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്, മെറ്റ എന്നിവയുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്. 

ഓണ്‍ലൈന്‍ വാര്‍ത്താ നിയമത്തിന്റെ അടിസ്ഥാനപരമായ പിഴവുകള്‍ പരിഹരിക്കാന്‍ റെഗുലേറ്ററി പ്രോസസ് സജ്ജീകരിച്ചിട്ടില്ലെന്നും നിര്‍ദ്ദിഷ്ട നിയന്ത്രണങ്ങള്‍ കാനഡയിലെ വാര്‍ത്താ ലഭ്യത അവസാനിപ്പിക്കാനുള്ള തങ്ങളുടെ ബിസിനസ് തീരുമാനത്തെ ബാധിക്കില്ലെന്നും മെറ്റ കാനഡ പബ്ലിക് പോളിസി മേധാവി റേച്ചല്‍ കരെന്‍ വ്യക്തമാക്കി. തങ്ങളുടെ ബിസിനസ്സുകള്‍ക്ക് ഈ നിയമം പ്രായോഗികമല്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ഗൂഗിളും.

വാര്‍ത്താ ഉള്ളടക്കങ്ങള്‍ കാനഡയില്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ കാണിക്കേണ്ട എന്ന് മെറ്റ തീരുമാനമെടുത്തത് കഴിഞ്ഞ മാസമാണ്.