Written by, Abrham George, Chicago.
ദേവൻ്റെ വീട്ടിലെത്തിയപ്പോൾ, അവൻ അവിടെയുണ്ടായിരുന്നില്ല. അവൻ്റെ അമ്മ പറഞ്ഞു "മോനെ കയറിയിരിക്കു, അവൻ ഇപ്പോൾ വരും. എന്തോ വാങ്ങാനായി പുറത്തേക്ക് ഇറങ്ങിയതാ.."
അവരുടെ സ്നേഹപ്രകടനം കണ്ട് അത്ഭുതം തോന്നി. എൻ്റെ പഠന മികവ് കണ്ടാണോ, വല്യേട്ടൻ്റെ പണത്തിൻ്റെ മതിപ്പ് കണ്ടാണോ എന്നെ അവർ ബഹുമാനിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഞാൻ വരാന്തയിൽ കയറിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ദേവൻ്റെ പെങ്ങൾ ജയ, ചായയുമായി വന്നു. അവൾ ചോദിച്ചു.. " തുടർന്ന് പഠിക്കാനാണോ പ്ലാൻ?" അതോ വല്യേട്ടൻ്റെ കൂടെ കൂടാനോ? "
"ഒന്നും തീരുമാനിച്ചിട്ടില്ല, എന്തെങ്കിലും ചെയ്യണം." ഞാൻ അത്രയും പറഞ്ഞൊപ്പിച്ചു.
അപ്പോളെക്കും ദേവനെത്തി. അവൻ ചോദിച്ചു "എന്താടാ, പതിവില്ലാതെ ഈ വഴിയൊക്കെ? എന്തെങ്കിലും ഉദ്ദേശം കാണാതെ നീ വരില്ലായെന്നെനിക്കറിയാം."
"എനിക്ക് തുടർന്ന് പഠിക്കണമെന്നുണ്ട്, വല്യേട്ടനാണങ്കിലോ, അതിന് എതിരാണ്. പഠനം നിർത്തി, അവിടത്തെ കാര്യങ്ങൾ നോക്കാനാണ് പറയണത്. ഒള്ള പഠിത്തം മതിയെന്നാണ് വല്യേട്ടൻ്റെ നിലപാട്. എന്താ വേണ്ടെയെന്ന് ഒരു പിടിയും കിട്ടുന്നില്ല. കുറച്ച് പൈസയുണ്ടാക്കാൻ, എന്തെങ്കിലും വഴിയുണ്ടോയെന്നറിയാനാണ്, ഞാൻ ഇങ്ങോട്ട് വന്നത്.
" "എനിക്കെന്ത് ചെയ്യാൻ കഴിയും ജോണി. അന്നന്ന് കിട്ടുന്നത് അന്നന്ന് തീരുന്നുയെന്നല്ലാതെ മിച്ചമൊന്നും ഉണ്ടാകുന്നില്ല. അല്ലെങ്കിലും ഓട്ടോ ഡ്രൈവറുമാരുടെ സ്ഥിതി അങ്ങനെയൊക്കെ തന്നെയാ.."
"ഓട്ടോ ഓടിച്ചാൽ, പൈസയുണ്ടാക്കാൻ കഴിമോ, ദേവ? അങ്ങനെയെങ്കിൽ, എന്ത് പണിയും ചെയ്യാൻ ഞാൻ തയ്യാറാണ്. പോറ്റി സാറിനെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ല. വല്യേട്ടൻ ഒരു വഴിക്കും അടുക്കുന്നുമില്ല."
"ഓട്ടോ ഓടിച്ചാൽ പൈസയുണ്ടാകുമോ, എന്ന് ചോദിച്ചാൽ ഉണ്ടാകും, റിസ്ക്ക് പിടിച്ച പണിയാണ് ജോണി, നിനക്കതിന് കഴിയുമോ?"
"എനിക്കതിന് കഴിയും ദേവ, ആരുടെയും കാല് പിടിക്കാതെ, മുന്നോട്ട് പോകാമല്ലോ? ഒരു വർഷം നഷ്ടപ്പെടുമെന്നല്ലേയുള്ളൂ. അത് സാരമില്ല. ബിടെക്കിന് ചേർന്നില്ലായെങ്കിലും ഡിഗ്രിക്ക് ചേരാമല്ലോ, അതു മതി. എന്നാലും പഠിക്കണം, അതെൻ്റെ വാശിയാണ്."
"ഓട്ടോ ഓടിക്കാൻ ചേട്ടന്മാര് സമ്മതിക്കുമോ?"
"അവരുടെ സമ്മതം നോക്കിയാൽ കാര്യങ്ങൾ നടക്കില്ല, കുറച്ച് പൈസയുണ്ടാക്കണം. തുടർന്ന് പഠിക്കണം. അതാണ് എൻ്റെ ലക്ഷ്യം."
"ഓട്ടോ, ഞാൻ ശരിയാക്കി തരാം, നീ വണ്ടി ഓടിക്കാൻ പെട്ടന്ന് പഠിച്ചാൽ മതി."
"നീ തന്നെ ഒന്ന് പഠിപ്പിച്ചു തരണം, എന്താ നിനക്ക് ബുദ്ധിമുട്ടുണ്ടോ? ലൈസൻസ് ഞാൻ എടുത്തോളാം."
"നിനക്കു വേണ്ടിയല്ലേ, ഞാൻ എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാണ്."
ഒരു മാസം കൊണ്ട് എല്ലാം റെഡിയായി. നിരന്തര പ്രയത്നമാണ് പെട്ടന്ന് എല്ലാം ശരിയായത്. വാടക ഓട്ടോ, നിരത്തിലിറങ്ങി ഓടിച്ചപ്പോളാണ്, അതിൻ്റെ ബുദ്ധിമുട്ട് അറിഞ്ഞത്. വണ്ടി ഓട്ടം, ധാരാളമുണ്ട്, പൈസ വാങ്ങുന്നതാണ് മിടുക്ക്. മീറ്റർ ചാർജിൽ ഓടാത്തതിൻ്റെ പ്രശ്നം, ശരിക്കും അനുഭവിച്ചു.
കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന മട്ടാണ് കാര്യങ്ങളുടെ കിടപ്പ്. ചിലപ്പോൾ പിടിച്ചുപറിയായി തോന്നും, ചിലപ്പോൾ കൈ നഷ്ടമായി തോന്നും. എന്നാലും മിച്ചം വന്ന് തുടങ്ങി. മാസങ്ങൾ കഴിഞ്ഞു. ഒരിക്കൽ സൗത്ത് റയിൽവേ സ്റ്റേഷനിൽ ട്രിപ്പ് കാത്ത് കിടക്കുമ്പോൾ, വണ്ടിയിൽ വന്ന് രണ്ട് പേര് കയറി. സൈഡ് മിററിലൂടെ ഞാനവരെ കണ്ടു, ലളിതയും അവളുടെ അമ്മയും. അവൾ കുറച്ചു കൂടി സുന്ദരിയായിരിക്കുന്നു. പിന്നിലേക്ക് തിരിഞ്ഞ് നോക്കാതെ തന്നെ, ഞാൻ ചോദിച്ചു "എങ്ങോട്ടാണ്. "
"സെൻ്റ് തെരേസാസ് കോളെജിലേക്ക് " അവർ പറഞ്ഞു. ഞാൻ കോളെജിലേക്ക് ഓട്ടോ വിട്ടു. ശരീരത്തിന് എന്തെന്നില്ലാത്ത വിറവൽ അനുഭവപെടുന്ന പോലെ. ഈ കണ്ടുമുട്ടൽ വേണ്ടായിരിന്നുയെന്ന് തോന്നിപ്പോയി, അത് അവളോടുള്ള വെറുപ്പു കൊണ്ടല്ല, അവളെ അങ്ങനെയൊന്നും മറക്കാൻ കഴിയാത്തതുകൊണ്ടാണ്. കോളെജിൻ്റെ വാതുക്കൽ വണ്ടി നിർത്തി. പൈസ തന്ന് അവർ കോളെജിലേക്ക് നടന്ന് പോകുന്നത് നോക്കി നിന്നു. പെട്ടന്നാണ് ലളിത മടങ്ങി വരുന്നത് കണ്ടത്.
അവൾ പറഞ്ഞു " എനിക്ക് ആളെ മനസ്സിലായില്ലായെന്ന്, നീ കരുതിയല്ലേ? നീ എന്ത് കാക്കിയിട്ടാലും, ജോണിയെ എനിക്ക് മനസ്സിലാകും. എന്നാലും നീ പഠിത്തം നിർത്തി, ഓട്ടോ ഓടിക്കാൻ തുടങ്ങിയത് കഷ്ടമായിപ്പോയി. നിനക്ക്, എന്ത് പറ്റി ജോണി ... കൈവിട്ട് പോയിട്ടും നിന്നെ ഞാൻ തിരക്കുന്നതെന്താണന്നറിയോ, നിന്നെ പെട്ടെന്നങ്ങോട്ട് മറക്കാൻ കഴിയാത്തതുകൊണ്ട്."ഞാനതിന് ഉത്തരം പറയുന്നതിനു മുമ്പായി, അവളുടെ അമ്മ, അവളെ വിളിച്ചു. മടങ്ങി പോകുന്നതിനു മുമ്പായി അവൾ പറഞ്ഞു
"നിന്നെ എനിക്കൊന്ന് കാണണം, അടുത്ത ശനിയാഴ്ച വൈകുന്നേരം സുഭാഷ് പാർക്കിൻ്റെ വടക്കേ ഗേറ്റിൽ വന്നാൽ മതി, ഞാനവിടെ ഉണ്ടാകും. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.
വരാം, എന്നർത്ഥത്തിൽ ഞാൻ തലയാട്ടി.
----തുടരും--------