എല്‍ക്കുകളുടെ മേറ്റിംഗ് സീസണ്‍: ജാസ്പര്‍ നാഷണല്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍ 

By: 600002 On: Sep 1, 2023, 12:11 PM

 


ജാസ്പര്‍ നാഷണര്‍ പാര്‍ക്കില്‍ എല്‍ക്കുകളുടെ മേറ്റിംഗ് സീസണ്‍ ആണിപ്പോള്‍. അതിനാല്‍ പാര്‍ക്കിലെത്തുന്ന സന്ദര്‍ശകരും വിനോദസഞ്ചാരികളും പാര്‍ക്കിന് സമീപം താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് പാര്‍ക്ക് റേഞ്ചര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എല്‍ക്കുകളുടെ സമീപത്തെത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നും ചിലപ്പോള്‍ അവയില്‍ നിന്നും ആക്രമണം നേരിട്ടേക്കാമെന്നും റേഞ്ചര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ആണ്‍, പെണ്‍ എല്‍ക്കുകള്‍ക്ക് സമീപത്തായി നടക്കുകയോ, നില്‍ക്കുകയോ, കാറോടിക്കുകയോ ചെയ്യരുത്, കാര്‍ പാര്‍ക്ക് ചെയ്യരുത്, എല്‍ക്കിനടുത്ത് നിന്ന് ഫോട്ടോയെടുക്കുന്നതിന് പകരം ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ച് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുക, എല്‍ക്കിനൊപ്പം സെല്‍ഫിയെടുക്കരുത്, കൂട്ടമായി യാത്ര ചെയ്യുക, കയ്യെത്തും ദൂരത്ത് കുട്ടികളെ സുരക്ഷിതമായി നിര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉദ്യോഗസ്ഥര്‍ നല്‍കി. 

വന്യജീവികളുടെ ആക്രമണങ്ങളോ, അവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകളോ ഉണ്ടെങ്കില്‍ പാര്‍ക്ക്‌സ് കാനഡയുടെ 780-852-6155 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.