കാനഡയില്‍ അഫോര്‍ഡബിളായി പ്രോപ്പര്‍ട്ടി വാങ്ങാന്‍ ആളുകള്‍ കൂടുതലായി സഹ-ഉടമസ്ഥതയിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ട്   

By: 600002 On: Sep 1, 2023, 11:53 AM

 

 


കാനഡയില്‍ അഫോര്‍ഡബിളായി വീട് വാങ്ങിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വന്‍ തുക മുടക്കി പ്രോപ്പര്‍ട്ടി വാങ്ങുക എന്നത് കുടിയേറ്റക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്തതാണ്. വാന്‍കുവര്‍, ടൊറന്റോ പോലുള്ള നഗരങ്ങളില്‍ മികച്ച ശമ്പളം വാങ്ങുന്നവര്‍ക്ക് പോലും വീട് വാടകയ്‌ക്കെടുക്കുന്നത് ശ്രമകരമാണ്. ഇത്തരത്തില്‍ വീട് വാങ്ങുന്നവര്‍ ഇപ്പോള്‍ ചെയ്യുന്ന മറ്റൊരു കാര്യം സഹ-ഉടമസ്ഥതയാണ്(Co-owning). കാനഡയില്‍ വീട് വാങ്ങിക്കുന്നവര്‍ കൂടുതലായി സഹ-ഉടമസ്ഥതയിലേക്ക് തിരിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റോയല്‍ ലെപേജില്‍ നിന്നുള്ള സര്‍വേ സൂചിപ്പിക്കുന്നത് പലരും കുടുംബാംഗങ്ങളായോ സുഹൃത്തുക്കളുമായോ മറ്റ് സഹപ്രവര്‍ത്തകരായോ പ്രോപ്പര്‍ട്ടി വാങ്ങാന്‍ സഹ-ഉടമസ്ഥത തെരഞ്ഞെടുക്കുന്നുവെന്നാണ്. 

ജീവിതച്ചെലവ് വര്‍ധിച്ചു. വീടുകളുടെ വിലയാണെങ്കില്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. വലിശ നിരക്ക് വര്‍ധിച്ചു. താങ്ങാനാവുന്ന നിരക്കില്‍ വീട് കണ്ടെത്താനും പ്രയാസകരമായി. അതിനാലാണ് സഹ-ഉടമസ്ഥത എന്ന രീതിയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചതെന്ന് സഹ-ഉടമസ്ഥത തെരഞ്ഞെടുത്തവര്‍ പറയുന്നു. വീട് പങ്കിടുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് നേരിയ പരിഹാരമാകും. 

25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ള 80 ശതമാനത്തിലധികം പേരും ഇത്തരത്തില്‍ പ്രോപ്പര്‍ട്ടി ഷെയര്‍ ചെയ്ത് വാങ്ങുന്നവരാണ്. അഫോര്‍ഡബിളിറ്റിയാണ് ഇവരുടെ പ്രധാന വെല്ലുവിളി. റോയല്‍ ലെപേജിന്റെ സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനത്തോളം പേരും വീടോ വസ്തുവോ വാങ്ങാന്‍ സഹ-ഉടമസ്ഥത തെരഞ്ഞെടുത്തതായി പറയുന്നു. പ്രായമായ മാതാപിതാക്കളെ അല്ലെങ്കില്‍ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ ഷെയര്‍ ചെയ്ത് വീട് വാങ്ങുന്നവരുണ്ട്.

രാജ്യത്ത് പങ്കാളികളോ മറ്റ് അടുത്ത കുടുംബങ്ങളോ ഒഴികെ മറ്റുള്ളവരുമായി വീട് ഷെയര്‍ ചെയ്യുന്ന രീതി വര്‍ധിച്ചുവരുന്നതായി റിയല്‍റ്റര്‍മാരും സൂചിപ്പിക്കുന്നു. ഒരേ മേല്‍ക്കൂരയ്ക്ക് താഴെ ഒന്നിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. കോഹാബിറ്റേഷനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. പണം, സ്വത്ത് എന്നിവയുടെ പങ്കിടലായതിനാല്‍ ഇത്തരത്തിലുള്ള രീതികള്‍ക്കിറങ്ങുമ്പോള്‍ നിയമസഹായം തേടാന്‍ ആളുകളെ അധികൃതര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.