കാല്‍ഗറിയിലെ സ്‌കൂളുകളില്‍ റെക്കോര്‍ഡ്-ഹൈ എന്റോള്‍മെന്റ്: സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതായി സ്‌കൂള്‍ ബോര്‍ഡ്

By: 600002 On: Sep 1, 2023, 11:10 AM

 


ആല്‍ബെര്‍ട്ടയില്‍ ജനസംഖ്യ വര്‍ധിച്ചുവരികയാണ്. ജനസംഖ്യ വര്‍ധിക്കുന്നതോടെ പാര്‍പ്പിട പ്രതിസന്ധി പോലുള്ള പല വെല്ലുവിളികളും സൃഷ്ടിക്കപ്പെടും. ഈ വര്‍ഷം നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളി റെക്കോര്‍ഡ് നിരക്കില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതാണ്. കാല്‍ഗറിയില്‍ സ്‌കൂള്‍ ബോര്‍ഡുകള്‍ റെക്കോര്‍ഡ്-ഹൈ എന്റോള്‍മെന്റാണ് അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ രേഖപ്പെടുത്തിയത്. ഇത് പഠന നിലവാരത്തെ ബാധിക്കുമെന്നും ക്ലാസ് മുറികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നും ബോര്‍ഡുകള്‍ കരുതുന്നു. എന്നാല്‍ ഈ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ കൂടുതല്‍ അധ്യാപകരെയും ജീവനക്കാരെയും നിയമിച്ചതായി അധികൃതര്‍ അറിയിച്ചു. 

ബോര്‍ഡിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ധനസഹായം സര്‍ക്കാരില്‍ നിന്നും ലഭിച്ചത് വളരെ പ്രയോജനകരമായെന്ന് കാല്‍ഗറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍(CBE)  ആക്ടിംഗ് സൂപ്രണ്ട് ഗാരി സ്‌ട്രോതര്‍ പറഞ്ഞു. 130 മില്യണ്‍ ഡോളര്‍ തങ്ങള്‍ക്ക് അധികമായി നല്‍കിയതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന അധിക അധ്യാപക തസ്തികകളില്‍ നിയമനം നടത്താന്‍ സാധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. 

ബോര്‍ഡില്‍ നിലവില്‍ 500 ല്‍ അധികം അധ്യാപകരുണ്ട്. തങ്ങളുടെ ലക്ഷ്യം ഏകദേശം 550 അധ്യാപകര്‍ എന്നതാണ്. ഇതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഫുള്‍-ടൈം സ്റ്റാഫുകളുടെ എണ്ണം 774 ആയി വര്‍ധിപ്പിക്കുമെന്ന് CBE  പ്രതീക്ഷിക്കുന്നു. 

കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ CBE യുടെ പകരക്കാരായ അധ്യാപകരുടെ പട്ടികയില്‍ 200 അധ്യാപകരുടെ എണ്ണം വര്‍ധിച്ചു. ഇതോടെ 2,100 സബ്‌സ്റ്റിറ്റിയൂട്ട് ടീച്ചര്‍മാരുമായാണ് ഡിവിഷന്‍ പ്രവര്‍ത്തിക്കുന്നത്.