കാനഡയില്‍ പകുതിയിലധികം വിദ്യാര്‍ത്ഥികളും സ്‌കൂളുകളില്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Sep 1, 2023, 8:23 AM

 

 

കാനഡയില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള പകുതിയിലധികം വിദ്യാര്‍ത്ഥികളും സ്‌കൂളുകളില്‍ പഠനാവശ്യങ്ങള്‍ക്കും പരീക്ഷയില്‍ വിജയിക്കുന്നതിനും ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ടൂളുകളായ ചാറ്റ്ജിപിടി(ChatGPT), ബാര്‍ഡ്, DALL-E, മിഡ്‌ജേണി(Midjourney), ഡീപ്‌മൈന്‍ഡ്(DeepMind)  തുടങ്ങിയവ ഉപയോഗിക്കുന്നുണ്ടെന്ന് 52 ശതമാനം വിദ്യാര്‍ത്ഥികളും പ്രതികരിച്ചതായി ബിസിനസ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെപിഎംജിയുടെ സര്‍വേയില്‍ പറയുന്നു. 60 ശതമാനം പേരും എഐ ടൂളുകള്‍ തട്ടിപ്പാണെന്ന് കരുതുന്നുണ്ടെങ്കിലും റിസര്‍ച്ച്, ആര്‍ട്ട്, മറ്റ് പാഠ്യ, പാഠ്യേതര കാര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇവ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു. 

2023-24 അധ്യയന വര്‍ഷത്തിന് മുന്നോടിയായി മെയ് മാസത്തില്‍ 18 വയസ്സിന് മുകളിലുള്ള 5,000 വിദ്യാര്‍ത്ഥികളിലാണ് കെപിഎംജി സര്‍വേ നടത്തിയത്. സ്‌കൂള്‍ പാഠ്യ പ്രവര്‍ത്തനങ്ങളില്‍ എഐ ഉപയോഗിച്ചപ്പോള്‍ പഠനനിലവാരം മെച്ചപ്പെട്ടതായി 90 ശതമാനം പേരും പറഞ്ഞു. 70 ശതമാനം പേര്‍ അവരുടെ ഗ്രേഡുകള്‍ മെച്ചപ്പെട്ടതായി ചൂണ്ടിക്കാട്ടി. എഐ ടൂളുകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ ജനപ്രീതി വര്‍ധിച്ചുവരികയാണെന്നതിന്റെ സൂചനയാണ് ഈ സര്‍വേ ഫലങ്ങള്‍ കാണിക്കുന്നതെന്ന് കെപിഎംജി കാനഡ പാര്‍ട്ണറും എജ്യുക്കേഷന്‍ പ്രാക്ടീസ് ലീഡറുമായ സി.ജെ ജെയിംസ് പറയുന്നു. 

ജനറേറ്റീവ് എഐ ടൂളുകള്‍ക്ക് സ്‌കൂളികളില്‍ നിയമാനുസൃതമായ അംഗീകാരം നല്‍കണമെന്ന ആഗ്രഹം വിദ്യാര്‍ത്ഥികള്‍ പ്രകടിപ്പിച്ചു. കൂടാതെ എഐ ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെടുമോയെന്ന ആശങ്കയും അവര്‍ പങ്കുവെച്ചു.