ബാങ്കിന്റെ വ്യാജ വെബ്‌സൈറ്റില്‍ സൈന്‍ ഇന്‍ ചെയ്ത ഒന്റാരിയോ സ്വദേശിനിക്ക് 3,000 ഡോളര്‍ നഷ്ടമായി 

By: 600002 On: Aug 31, 2023, 12:21 PM

 

 

ഓണ്‍ലൈന്‍ ബാങ്കിംഗ് നടത്തിയ ഒന്റാരിയോ സ്വദേശിനിക്ക് 3,000 ഡോളര്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ വ്യാജ വെബ്‌സൈറ്റിലൂടെ പണമിടപാട് നടത്തിയ യുവതിക്കാണ് പണം നഷ്ടമായത്. ബാങ്ക് ഓഫ് മോണ്‍ട്രിയലിലാണ് ഓണ്‍ലൈന്‍ ബാങ്കിംഗ് നടത്താന്‍ തീരുമാനിച്ചത്. ജൂണ്‍ മാസത്തിലാണ് യുവതി തട്ടിപ്പിനിരയായത്. 

ജോലിക്കിടെ കമ്പനിയിലെ കമ്പ്യൂട്ടറില്‍ ഗൂഗിളില്‍ ബാങ്കിന്റെ പേര് ടൈപ്പ് ചെയ്തപ്പോള്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പോപ്പ് അപ്പ് ചെയ്തു. BMO.com വെബ്‌സൈറ്റ് ഓപ്പണ്‍ ആയപ്പോള്‍ യുവതി യഥാര്‍ത്ഥ വെബ്‌സൈറ്റ് തന്നെയെന്ന് കരുതി. 

പിന്നീട് സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ വണ്‍ ടൈം പാസ്‌കോഡ് ലഭിക്കുന്നതിന് അക്കൗണ്ട് സെറ്റ് അപ്പ് ചെയ്തു. ഉടന്‍ തന്ന ഇ മെയില്‍ കോഡ് ലഭിക്കുകയും അത് നല്‍കുകയും ചെയ്തു. എന്നാല്‍ ഹാക്കര്‍മാര്‍ അപ്പോള്‍തന്നെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു കഴിഞ്ഞിരുന്നു. പാസ്‌കോഡ് നല്‍കിയ ഉടനെ അക്കൗണ്ടില്‍ നിന്നും നിമിഷനേരം കൊണ്ട് 3,000 ഡോളര്‍ നഷ്ടമായി. ഇ-ട്രാന്‍സ്ഫര്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ പണം തട്ടിയത്. 

ബാങ്കിന് പരാതി നല്‍കിയെങ്കിലും യുവതിക്ക് ബാങ്ക് റീഇംബേഴ്‌സ്‌മെന്റ് നിഷേധിച്ചു. തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കേണ്ടതാണെന്ന് ബാങ്ക് അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.