ഇപ്പോഴും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഓഫീസിലേക്ക് തിരികെയെത്താന്‍ മുന്നറിയിപ്പ് നല്‍കി ആമസോണ്‍ സിഇഒ ആന്‍ഡി ജാസി. ഓഫീസിലേക്ക് തിരികെ പ്രവേശിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന കടുത്ത നിലപാടാണ് അദ്ദേഹം എടുത്തിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം, ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ വരണമെന്ന് ജീവനക്കാരോട് ആന്‍ഡി ജാസി പറഞ്ഞിരുന്നു. ഇത് പ്രതിഷേധത്തിന് കാരണമാവുകയും ചില ജീവനക്കാര്‍ 'മെയിന്‍ ഹബ്' ഓഫീസുകളിലേക്ക് മാറ്റുന്നതിന് പകരം രാജിവെക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരുന്ന കമ്പനിയുടെ തീരുമാനത്തോട് വിയോജിക്കാനും അതിനെ വിമര്‍ശിക്കാനും ജീവനക്കാര്‍ക്ക് അവകാശമുണ്ടെങ്കിലും നയം അവഗണിക്കാന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം നടന്ന യോഗത്തില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നയം അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ആമസോണില്‍ തുടരാനുള്ള സാധ്യതയുണ്ടായേക്കില്ലെന്നും അദ്ദേഹം അറിയിച്ചു. നയം അനുസരിക്കാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്ന് ജാസി വ്യക്തമാക്കി.