എഡ്മന്റണ്‍, ബീസി, യുഎസ്, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ ആളുകളെ റിയല്‍ എസ്‌റ്റേറ്റ് പോന്‍സി സ്‌കീം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ 81 കുറ്റങ്ങള്‍ ചുമത്തിയതായി എഡ്മന്റണ്‍ പോലീസ് സര്‍വീസ് അറിയിച്ചു. 2020 ന്റെ തുടക്കത്തില്‍ ഗ്രൂപ്പ് വെന്‍ച്വര്‍ ഇങ്ക് എന്ന കമ്പനിയുടെ പേരില്‍ ഒരു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് പോന്‍സി സ്‌കീം നടത്തി വന്നതെന്ന് പോലീസ് പറഞ്ഞു. കര്‍ട്ടിസ് ഗോര്‍ഡന്‍ ക്വിഗ്ലി(56), കാത്‌ലീന്‍ ട്രെഡ്‌ഗോര്‍ഡ്(56) എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
പുതിയ നിക്ഷേപകരില്‍ നിന്നുള്ള പണം ഉപയോഗിച്ച് നിക്ഷേപകര്‍ക്ക് വരുമാനം നല്‍കുന്ന വഞ്ചനാപരമായ നിക്ഷേപ സംവിധാനമാണ് പോന്‍സി സ്‌കീം. ഈ തട്ടിപ്പിലൂടെ പലപ്പോഴും നിക്ഷേപകരെ വശീകരിക്കുന്നത് ഉയര്‍ന്ന റിട്ടേണ്‍ നല്‍കാമെന്നും അപകടസാധ്യതയില്ലെന്ന് വാഗ്ദാനം ചെയ്തുമാണ്.
2008 ഒക്ടോബര്‍ മുതല്‍ 2020 ഡിസംബര്‍ വരെ നടന്ന ഈ പദ്ധതി പ്രധാനമായും എഡ്മന്റണിലെയും കെലോണയിലെയും ആളുകളെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ ചിലര്‍ നെവാഡയിലും ഓസ്‌ട്രേലിയയിലുമാണെന്ന് പോലീസ് പറയുന്നു. സ്‌കീമില്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തിന് ഒരു സെറ്റ് റിട്ടേണ്‍ ഗ്യാരന്റി നല്‍കുന്നതിനായി പ്രോമിസറി നോട്ടുകളുടെ രൂപത്തില്‍ സെക്യൂരിറ്റികള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് പലപ്പോഴും റിയല്‍ എസ്‌റ്റേറ്റ് ഫ്‌ളിപ്പ് ആയി അവതരിപ്പിക്കപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ ഇരകളുണ്ടാകാനാണ് സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.