ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 200 രൂപ കുറയ്ക്കാൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് നിലവിലെ വില. 200 രൂപ വെട്ടി ചുരുക്കുന്നതോടെ ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ധതി വഴി ഉപഭോക്താക്കൾക്ക് ഒരു സിലിണ്ടറിന് നിലവിൽ ലഭിക്കുന്ന 200 രൂപ ഇളവിനു പുറമേയാണ് പുതുക്കിയ ഇളവ്. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും. 33 കോടി പേർക്കാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടുകയെന്നും പാചകവാതക വില കുറച്ച നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.