ഭൂപട വിവാദം; ഇന്ത്യയോട് പ്രതികരിച്ച് ചൈന

By: 600021 On: Aug 31, 2023, 5:52 AM

അരുണാചല്‍ പ്രദേശ്, അക്‌സായ് ചിന്‍ ഉള്‍പ്പെടെ പ്രദേശങ്ങള്‍ ഉൾപ്പെടുത്തി പുറത്തിറക്കിയ ഭൂപടത്തെ വിമർശിച്ചതിൽ പ്രതികരിച്ച് ചൈന. ഭൂപടം പുതുക്കുന്നത് പതിവുരീതിയാണെന്നും അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. നിയമപ്രകാരമുള്ള പരമാധികാരം വിനിയോഗിക്കുന്നതിനുള്ള ചൈനയുടെ പതിവുരീതിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഇതിനെ വസ്തുതാപരമായും ശാന്തമായും കാണുമെന്ന് കരുതുന്നുവെന്നും വാങ് വെന്‍ബിന്‍ പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്ന തയ്‌വാന്‍, നയന്‍ ഡാഷ് ലൈന്‍ തുടങ്ങിയ പ്രദേശങ്ങളും ചൈനയുടെ ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ചൈനയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.