പുതിയ കനേഡിയന്‍ പാസ്‌പോര്‍ട്ടിന്റെ കവര്‍ ചുരുണ്ടുപോകുന്നതായി പരാതി 

By: 600002 On: Aug 30, 2023, 11:39 AM

 

 

പുതിയ കനേഡിയന്‍ പാസ്‌പോര്‍ട്ടിന്റെ കവര്‍ ചുരുണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC).  പാസ്‌പോര്‍ട്ടുകള്‍ നിര്‍മിച്ചിരിക്കുന്ന രീതി കാരണം ചൂടും ഈര്‍പ്പവും തട്ടിയാല്‍ പാസ്‌പോര്‍ട്ടിന്റെ പുറംചട്ട വേഗത്തില്‍ ചുരുണ്ടുപോകാന്‍ ഇടയാകുമെന്ന് IRCC  വക്താവ് പറയുന്നു. പാസ്‌പോര്‍ട്ടുകള്‍ ചുരുണ്ടുപോകുന്നതായി ചില പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇമിഗ്രേഷന്‍ വകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്. 

മുന്‍ പാസ്‌പോര്‍ട്ടുകളില്‍ ഇലക്ട്രോണിക് ചിപ്പ് പരിരക്ഷിക്കുന്നതിനായി കവറില്‍ ഒരു അധിക പാളി ഉണ്ടായിരുന്നുവെന്ന് ഐആര്‍സിസി പറഞ്ഞു.  പുതിയ പാസ്‌പോര്‍ട്ടുകളില്‍ പോളികാര്‍ബണേറ്റ് സാമഗ്രികള്‍ കൊണ്ട് നിര്‍മ്മിച്ച ഇലക്ട്രോണിക് ചിപ്പ് ഡാറ്റ പേജിലാണ്. അതിനാല്‍ ഈ പേജ് ഉറപ്പുള്ളതും കവര്‍ കനം കുറഞ്ഞതുമാകുന്നു. കനം കുറവായതിനാല്‍ തന്നെ കവര്‍ പെട്ടെന്ന് ചുരുണ്ടുപോകുന്നു. 

കവര്‍ ചുരുണ്ടുപോകുന്നത് പാസ്‌പോര്‍ട്ടിന്റെ പ്രവര്‍ത്തനക്ഷമതയെയും ദൈര്‍ഘ്യത്തെയും ബാധിക്കില്ലെന്ന് ഐആര്‍സിസി വ്യക്തമാക്കി.