'പ്രോനൗണ്‍ മാറ്റാനുള്ള വിദ്യാര്‍ത്ഥിയുടെ തീരുമാനത്തില്‍ രക്ഷിതാക്കള്‍ പൂര്‍ണമായി ഇടപെടണം'': ഒന്റാരിയോ വിദ്യാഭ്യാസ മന്ത്രി 

By: 600002 On: Aug 29, 2023, 9:39 AM

 

 

തങ്ങളുടെ കുട്ടി സ്‌കൂളില്‍ മറ്റൊരു പ്രോനൗണ്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ പൂര്‍ണമായി ഇടപെടണമെന്ന് ഒന്റാരിയോ വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെച്ചെ. സെപ്റ്റംബറില്‍ ഒന്റാരിയോയിലെ സ്‌കൂളുകളില്‍ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം. സസ്‌ക്കാച്ചെവനില്‍ പുതിയ ജെന്‍ഡര്‍, പ്രോനൗണ്‍ പോളിസി പ്രഖ്യാപിച്ചതിനും പ്രോനൗണ്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന 16 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി രക്ഷാകര്‍തൃ സമ്മതം നിയമനിര്‍മാണമാക്കുന്ന ന്യൂബ്രണ്‍സ്‌വിക്കിനും ശേഷമാണ് ഒന്റാരിയോയില്‍ വിദ്യാഭ്യാസ മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. 

തങ്ങളുടെ കുട്ടികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ ഉറപ്പായും അറിഞ്ഞിരിക്കണമെന്ന് സ്റ്റീഫന്‍ ലെച്ചെ പറയുന്നു. പ്രോനൗണ്‍ മാറ്റുന്നത് പോലുള്ളവ ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനങ്ങളാണെന്ന് തിരിച്ചറിയുകയും മാതാപിതാക്കളുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യണം. കുട്ടികളെ പിന്തുണയ്ക്കാന്‍ മാതാപിതാക്കള്‍ ഇടപെടണമെന്ന് താന്‍ കരുതുന്നുവെന്നും ലെച്ചെ വ്യക്തമാക്കി. 

എല്ലാ കുട്ടികള്‍ക്കും സ്‌കൂളുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അധ്യാപകരും സ്‌കൂള്‍ ബോര്‍ഡുകളും കുട്ടികള്‍ക്ക് എല്ലാ പിന്തുണയും സഹായവും ലഭ്യമാക്കണമെന്നും ലെച്ചെ അഭിപ്രായപ്പെട്ടു.